മുന്തിരി വിളവെടുപ്പ് തുടങ്ങിയതോടെ കേരളത്തിൽ നിന്ന് തമിഴ്നാട് കമ്പത്തേക്ക് ധാരാളം ആളുകളാണ് എത്തുന്നത്. ദിനംപ്രതി 10000 ത്തോളം സഞ്ചാരികളാണ് ഓരോ തോട്ടവും കണ്ട് മടങ്ങുന്നത്. ഇന്ത്യയിലെ പ്രധാന മുന്തിരി ഉല്പാദന കേന്ദ്രമായ തേനി ജില്ലയിലെ വിശേഷങ്ങൾ.
ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ തേനിയിലാണ് ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം മുന്തിരി കൃഷി ചെയ്യുന്നത്. വർഷത്തിൽ നാല് തവണയാണ് മുന്തിരി വിളവെടുക്കുന്നത്. ഒക്ടോബർ മുതലാണ് വിളവെടുപ്പ് കാലം. മൂന്ന് ഇനങ്ങളിലുള്ള മുന്തിരികളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ അധികവും മലയാളികളാണ്. കണ്ണെത്താ ദൂരത്തോളം പഴുത്ത് പാകമായി കിടക്കുന്ന മുന്തിരിക്കുലകൾ പലരും ആദ്യമായാണ് കാണുന്നത്
ഗൂഡല്ലൂർ, കമ്പം, ചുരുളിപ്പെട്ടി, കെ കെ പെട്ടി, തേവർപ്പട്ടി, ചിന്നമന്നൂർ എന്നീ മേഖലകളിൽ ഒരു ലക്ഷം ഹെക്ടർ സ്ഥലത്താണ് മുന്തിരി കൃഷി ചെയ്യുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ തോട്ടങ്ങളിൽ സ്റ്റാളുകളും തുടങ്ങിയിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ പൂർണ്ണപിന്തുണയോട് കൂടിയാണ് ഇവിടുത്തെ മുന്തിരി കൃഷി. കേരളത്തിനു പുറമേ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മുന്തിരി കയറ്റിയയക്കുന്നുണ്ട്. ഡിസംബർ ആദ്യവാരത്തോടെ വിളവെടുപ്പ് പൂർത്തിയാകും .