വയനാട് മുണ്ടകൈ - ചൂരൽമല ദുരന്ത ഭൂമിയിലേക്ക് കാഴ്ച കാണാനെത്തുന്നവരോട് ദുരന്ത ബാധിതർക്ക് ഒന്നേ പറയാനൊള്ളൂ. ഇനിയും കണ്ടെത്താനുള്ള തങ്ങളുടെ 49 പ്രിയപ്പെട്ടവരുടെ ദേഹത്ത് ചവിട്ടിയാണ് ഈ ആസ്വാദനമെന്ന്. യൂട്യൂബ് വ്ലോഗുകൾ കണ്ട് ദിവസവും നൂറു കണക്കിനാളുകളാണ് ദുരന്ത ഭൂമി ആസ്വദിക്കാനും ഫോട്ടോയെടുക്കാനും എത്തുന്നത്. പ്രദേശവാസികളെ തടഞ്ഞ് കാഴ്ചക്കാരെ കടത്തി വിടുന്ന അധികൃതർക്കെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധവും നടന്നു.