മഞ്ഞുമലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം അന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെടുത്തത് ഈയിടെയാണ്. യുദ്ധത്തിനിടെ മഞ്ഞുമലയില്‍ മൂന്നാഴ്ച കുടുങ്ങിയ ഇരിങ്ങാലക്കുടക്കാരന്‍ സൈനികന്‍റെ അതിജീവനം ഓര്‍ത്തെടുക്കുകയാണ് കുടുംബാംഗങ്ങള്‍.
1962ലായിരുന്നു ഇന്ത്യ, ചൈന യുദ്ധം. ഹിമാലയത്തിലെ മഞ്ഞുമലകളില്‍ യുദ്ധഭൂമിയിലായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ എബ്രഹാം. ചൈനയുടെ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ എബ്രഹാം മഞ്ഞുമലയില്‍ കുടുങ്ങിയത് ഇരുപത്തിയൊന്നു ദിവസം. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ എബ്രഹാമിന് ജീവന്‍ തിരിച്ചുകിട്ടിയത് അത്ഭുതമായാണ് കുടുംബാംഗങ്ങള്‍ കാണുന്നത്. അന്ന്, എബ്രഹാമിന് വയസ് നാല്‍പത്തിരണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം ഇരിങ്ങാലക്കുടയിലായിരുന്നു വിശ്രമ ജീവിതം. എഴുപത്തിയെട്ടാം വയസില്‍ എബ്രാഹം വിടപറഞ്ഞു. പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മഞ്ഞുമലയില്‍ നിന്ന് അന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയത് പുറത്തുവന്നതോടെ എബ്രഹാമിന്റെ മഞ്ഞുമലയിലെ കഠിന ദിവസങ്ങളാണ് കുടുംബാംഗങ്ങള്‍ ഓര്‍ത്തെടുത്തത്. എബ്രഹാമിന്റെ ഭാര്യ ലീല അന്ന് ഗര്‍ഭിണിയായിരുന്നു. എബ്രഹാമും ലീലയും മകന്‍ വിനീതിനോട് മുത്തശിക്കഥ പോലെ പറഞ്ഞുകൊടുത്തത് ഹിമാലയത്തിലെ അതിജീവനകഥയാണ്.
യുദ്ധത്തില്‍ പോരാടിയതിന്റെ സൈനിക ബഹുമതിയായി അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഇതെല്ലാം, അമൂല്യമായി സൂക്ഷിക്കുകയാണ് എബ്രഹാമിന്റെ കുടുംബം.