കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ദിവ്യയുടെ ഫെയ്സ്ബുക് പേജിലുള്‍പ്പെടെ കമന്‍റ് ബോക്സുകളില്‍ കുറ്റപ്പെടുത്തലുകളുടെ പെരുമഴയാണ്. യാത്രയയപ്പ് യോഗത്തില്‍ത്തന്നെ വേണ്ടിയിരുന്നോ ആക്ഷേപമെന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നുമാണ് ചോദ്യങ്ങള്‍.
‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോൾ സന്തോഷമായില്ലേ? അതും ക്ഷണിക്കപ്പെടാത്ത ഒരു സദസ്സിലേക്ക് വന്നിട്ട്... ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നാൽ ഇന്ത്യാ മഹാരാജ്യത്തിന്‍റെ പ്രസിഡന്‍റ് അല്ലാ, ഒരുത്തനെ ഇല്ലാതാക്കിയപ്പോള്‍ സമാധാനമായോ...’ ഇങ്ങനെ പോകുന്നു കമന്‍റുകള്‍
എഡിഎം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിലാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു നവീന്‍ ബാബു. കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ അഴിമതി ആരോപണം ഉന്നയിച്ച് കുറ്റപ്പെടുത്തിയിരുന്നു.
യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.