ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനം കയ്യോടെ പിടികൂടാനുള്ള സംവിധാനങ്ങളുമായാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് പത്ത് പുതിയ പ്രീമിയം എ.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കിയിരിക്കുന്നത്. ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
ഈ ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരും. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ ഉറക്കം വന്നാല്‍ ( കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താല്‍) ഇതുപോലെ അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ യാത്രക്കാര്‍ക്ക് ആനന്ദവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന ഒട്ടേറെ സൗകര്യങ്ങളും ബസിലുണ്ട്. സി.സി.ടി.വി ക്യാമറ, എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. ഫ്രീ വൈഫൈ, ടി.വി, മ്യൂസിക് സിസ്റ്റം, എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിങ് പോയിന്‍റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. റീക്ലെയ്നിങ് സീറ്റുകള്‍ ആയതിനാല്‍ ഇഷ്ടാനുസരണം നിവര്‍ന്നും ചാഞ്ഞിരുന്നുമൊക്കെ റിലാക്സ് ചെയ്ത് യാത്ര ചെയ്യാം. 40 സീറ്റുകളാണ് ഒരു ബസിലുണ്ടാവുക. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള റൂട്ടുകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ബസുകള്‍ നടത്തുക. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതില്‍ അഞ്ച് ബസുകള്‍ സര്‍വ്വീസ് തുടങ്ങി.
ബസുകളുടെ സര്‍വ്വീസ് ഷെഡ്യൂള്‍
1. തിരുവനന്തപുരം–തൃശൂര്‍. വൈകിട്ട് 5 ന് പുറപ്പെടും
റൂട്ട്– തിരുവനന്തപുരം (17:00), കൊട്ടാരക്കര (17.45), കോട്ടയം (20.55), മൂവാറ്റുപുഴ (22.20), അങ്കമാലി (23.10), തൃശൂര്‍ (00.15)
2. തിരുവനന്തപുരം–തൃശൂര്‍. രാത്രി 10.05ന് പുറപ്പെടും.
റൂട്ട്– തിരുവനന്തപുരം (22.05), കൊട്ടാരക്കര (23.50), കോട്ടയം (02.00), വൈറ്റില (03.40), അങ്കമാലി (04.35), തൃശൂര്‍ (05.40)
3. തിരുവനന്തപുരം–പാലക്കാട്. രാത്രി 8.15ന് പുറപ്പെടും
റൂട്ട്– തിരുവനന്തപുരം (20.15) കൊട്ടാരക്കര (22.00), കോട്ടയം (00.10), മൂവാറ്റുപുഴ (01.35), അങ്കമാലി (02.25), പാലക്കാട് (05.10)
4. തിരുവനന്തപുരം–പാലക്കാട്. രാവിലെ 6ന് പുറപ്പെടും
റൂട്ട്– തിരുവനന്തപുരം (06.00), കൊട്ടാരക്കര (07.45), കോട്ടയം (09.55), വൈറ്റില (11.35), അങ്കമാലി (14.00), പാലക്കാട് (15.40)
5. തിരുവനന്തപുരം–തൊടുപുഴ. രാവിലെ 06.45ന് പുറപ്പെടും
റൂട്ട്– തിരുവനന്തപുരം (06.45), ചടയമംഗലം (08.00), പത്തനാപുരം (08.40), പത്തനംതിട്ട (09.20), എരുമേലി (10.25), ഈരാറ്റുപേട്ട (11.15), തൊടുപുഴ (12.15)
തൃശൂര്‍ സര്‍വ്വീസുകള്‍ക്കെല്ലാം കോഴിക്കോടേക്ക് ലോ ഫ്ളോര്‍ എ.സി കണക്ഷന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും.