naveen-ppdivya

അ‍ഡീഷനൽ ജില്ല മജിസ്ട്രേറ്റ് നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ വിവാദമായിരിക്കുകയാണ് നവീനെതിരെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്  പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം. എ.ഡി.എം. നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍, കലക്ടറുടെ സാന്നിധ്യത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ചത്. ക്ഷണിക്കാതെ യോഗത്തിനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെങ്ങളായില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്‍റെ നടപടിയിലാണ് വിമര്‍ശനം ഉന്നയിച്ചത്. Also Read : ‘പാവം മനുഷ്യനാണ്, സത്യസന്ധനാണ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്’ ; നൊമ്പരം

പി.പി ദിവ്യയുടെ വാക്കുകള്‍

മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്‍റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്‍റേയെന്ന്  പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്‍റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാല്‍, ആ പ്രദേശത്ത് അല്‍പ്പം വളവും തിരിവുമെല്ലാം ഉള്ളതിനാല്‍ എന്‍.ഒ.സി. നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാന്‍ സാധിച്ചു. ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍.ഒ.സി. കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍.ഒ.സി. നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. 

ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയു'മെന്ന് പറഞ്ഞാണ് ദിവ്യ വേദി വിട്ടത്

ENGLISH SUMMARY:

District Panchayat President P P Divya made serious corruption allegations against Kannur ADM