‘നാട്ടിലെ മാന്യനായ വ്യക്തിയാണ്. സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനാണ്, എല്ലാവരെയും സ്നേഹിക്കാനെ അവന് അറിയു, ഈ ഓണത്തിന് പാവങ്ങള്‍ക്ക് കൊടുക്കാന്‍ കുറെ കിറ്റ് അവന്‍ തന്നിട്ട് പോയതാ’ . ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ കുറിച്ചുള്ള നാട്ടുകാരുടെ പ്രതികരണം ഇതാണ്.
അത്രത്തോളം നാടിനും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു നവീന്‍. അവധി സമയത്ത് നാട്ടില്‍ വരുമ്പോഴെല്ലാം പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പാവങ്ങള്‍ക്ക് സഹായം ചെയ്യുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ പാര്‍ട്ടി നവീന്‍റെ കുടുംബത്തിനോപ്പമാണെന്നും നാട്ടിലെ നേതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു നവീനെ കാണപ്പെട്ടത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽ നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്.
നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കലക്ടറുൾപ്പെടെ ഉണ്ടായിരുന്ന വേദിയിൽവച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തന്‍റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് വേദി വിടുകയും ചെയ്തു.യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയിട്ടും നവീൻ ബാബു ഇറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.