ഇനി എല്ലാത്തിനും കൂടെ അച്ഛനുണ്ടല്ലോ എന്നു ഒരായിരം തവണ മനസില്‍ ചിന്തിച്ചുകാണും ആ മക്കള്‍. ചുറ്റും പച്ചപ്പ് നിറഞ്ഞ വീടിന്റെ തണല്‍മരമായിരുന്നു അച്ഛന്‍. ആരോ എന്തോ പറഞ്ഞതിന്റെ പേരില്‍ ഞങ്ങളെയെല്ലാം വിട്ടിട്ട് പോയെന്ന് ചിന്തിക്കാനും വിശ്വസിക്കാനും പാകമല്ല അവരുടെ മനസ്. ചേതനയറ്റ പ്രിയപ്പെട്ടവന്റെ ശരീരം വീട്ടിലേക്കെത്തിക്കുമ്പോള്‍ വീടിനകത്തെ മുറിയില്‍ കെട്ടിപ്പിടിച്ചു വാവിട്ടു കരയുകയായിരുന്നു ആ അമ്മയും മക്കളും. വീട്ടിലും ജോലിയിലും ജീവിതത്തിലും സത്യസന്ധനായ പിതാവിനെ കണ്ടുവളര്‍ന്നവരാണ്, ആ മൂല്യത്തോടെ ജീവിക്കുന്ന വീട്ടില്‍ ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചില്ല.
പത്തനംകിട്ട കലക്ടറേറ്റില്‍ നൂറുകണക്കിനുപേരാണ് നവീന്‍ ബാബുവിനെ കാണാനെത്തിയത്. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, മന്ത്രിമാര്‍, സുഹൃത്തുക്കള്‍, അങ്ങനെ അയാളോടടുപ്പമുണ്ടായിരുന്നവരും പരിചയമുള്ളവരും ഇല്ലാത്തവരുമെല്ലാം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. വാക്കുകള്‍ മുറിഞ്ഞ്... തൊണ്ടയിടറി... കണ്ണീരൊഴുക്കി നിന്ന അവര്‍ പരസ്പരം ആശ്വസിപ്പിച്ചും നിശബ്ദമായി നിശ്വസിച്ചും നവീനരികില്‍ത്തന്നെ നിന്നു. റവന്യൂമന്ത്രി കെ.രാജനും ആരോഗ്യമന്ത്രി വീണ ജോര്‍ജും ഒക്കെയുണ്ടായിരുന്നു അതേ മനസ്സോടെ. രണ്ടുദിവസമായി കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പറയുന്നത് ഒരേ വാചകമായിരുന്നു. ‘നവീന്‍ അത് ചെയ്യില്ല, അയാള്‍ സത്യമുള്ളവനായിരുന്നു, ജോലിയോട് പ്രതിബന്ധതയും ആത്മാര്‍ഥതയും ഉള്ളവനായിരുന്നു’. അതുതന്നെയാണ് കലക്ടറേറ്റില്‍ തടിച്ചുകൂടിയ ജനസഞ്ചയവും ആവര്‍ത്തിച്ചുപറഞ്ഞത്.
കണ്ണൂരിലെ സെന്‍റോഫ് കഴിഞ്ഞ് ഈയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച് കര്‍മനിരതനാകേണ്ടിയിരുന്നയാളാണ് നവീന്‍. അതേ സ്ഥലത്ത് ഇന്ന് എത്തിയത് അദ്ദേഹത്തിന്‍റെ ജീവനറ്റ ശരീരം. ഏറെക്കാലമായി നവീന്‍റെ ആഗ്രഹമായിരുന്നു പത്തനംതിട്ടയില്‍ തിരിച്ചെത്തി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കണം എന്നത്. അക്കാലമത്രയും കുടുംബത്തോടൊപ്പം കഴിയാമെന്ന് കരുതിയ മനുഷ്യന്‍. പക്ഷേ അപമാനം താങ്ങാനാവാതെ എല്ലാം അവസാനിപ്പിച്ച്, എല്ലാവരെയും ഉപേക്ഷിച്ച് അയാള്‍ക്ക് മടങ്ങേണ്ടിവന്നു. എന്തിന് എന്ന ചോദ്യമാണ് അവിടെയെത്തിയ ഓരോരുത്തരും ചോദിച്ചത്.