നിറഞ്ഞ കണ്ണുകളോടെ നവീന്‍ ബാബുവിന് വിട നല്‍കി നാട്. മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി. നവീന്റെ മൃതദേഹം ചിതയിലേക്കെത്തിക്കാൻ റവന്യൂമന്ത്രി കെ.രാജനും ഒപ്പംചേർന്നു. കളക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദർശനത്തിൽ നിരവധി പേരാണ് നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.

Also Read : ‘യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞു; നിര്‍ബന്ധിച്ചത് കലക്ടര്‍; അന്വേഷണം വേണം’

സൈബറിടത്താകെ നിറയുന്നത് പിതാവിന്‍റെ ചിതയ്ക്ക് തീ കൊളുത്തുന്ന പെണ്‍മക്കളുടെ ചിത്രമാണ്. പാതിയുടഞ്ഞ കുടവുമായി അച്ഛനു വലം വെയ്ക്കുന്ന നിന്റെ മനസ് ഉടഞ്ഞുപോകാതെ ചേർത്തുവെയ്ക്കാൻ ഞങ്ങളുണ്ടാകും എന്ന് നവീന്‍റെ മകളുടെ ചിത്രം പങ്കുവച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘മുഷ്ടി ചുരുട്ടി പറഞ്ഞോട്ടെ  ഇതല്ല രാഷ്ട്രീയം, ഇങ്ങനെയല്ല എന്റെ രാഷ്ട്രീയം ’ എന്നായിരുന്നു ജോളി ജോസഫിന്‍റെ കുറിപ്പ്. നിരവധിപേരാണ്് നവീന്‍ ബാബുവിന്‍റെ വിയോഗത്തില്‍ ദുംഖം രേഖപ്പെടുത്തി രംഗത്ത് വന്നത്. 

യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ മനംനൊന്തായിരുന്നു നവീൻ ബാബുവിന്റെ ആത്മ​ഹത്യ. സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങുകയായിരുന്നു. ഓഫീസിലെ സഹപ്രവർത്തകർ നടത്തിയ പരിപാടിയിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ കളക്ടറക്കം വേദിയിലിരിക്കെയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പെട്രോൾ പമ്പ് നിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. കണ്ണൂരിൽ പ്രവർത്തിച്ചത് പോലെ പത്തനംതിട്ടയിൽ പ്രവർത്തിക്കരുത്, സത്യസന്ധത വേണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പി പി ദിവ്യ ഉന്നയിച്ചത്.

അതേ സമയം  നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ച് ചടങ്ങൊരുക്കി. അത് പി.പി.ദിവ്യക്ക് വന്ന് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കി. നടന്നത് വലിയ ഗൂഢാലോചനയാണെന്നും, കലക്ടര്‍ക്കും പങ്കുണ്ടെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

kannur adm naveen babus funral ceremony