TOPICS COVERED

പരിമിതികളൊക്കെയും പറക്കാനുള്ള ചിറകുകളാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആര്‍.വി രേവതിയുടെ വിജയം. ആരോഗ്യ പരിമിതിയെ വകവയ്‌ക്കാതെയാണ്‌ കാതോലിക്കേറ്റ്‌ കോളജിന്റെ യൂണിയൻ സാരഥ്യത്തിലേക്ക്‌ ആർ.വി രേവതി ചുവടുവച്ചത്. രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ്‌ രേവതി. കോളേജ്‌ യൂണിയൻ ചരിത്രത്തിൽ അധ്യക്ഷ സ്ഥാനത്തെത്തിയ ചുരുക്കം പെൺകുട്ടികളിൽ ഒരാളാണ് രേവതി. ചെറുപ്പത്തിലെ പിടിപ്പെട്ട എസ്.എം.എ രോഗം തളർത്താതെ ബിരുദപഠനം വരെയെത്തി. 

സ്കൂള്‍ പഠനകാലം മുതല്‍ മികച്ച മാര്‍ക്ക് നേടിയാണ് രേവതി ബിരുദ പഠനത്തിനെത്തിയത്. തന്റെ പരിമിതികളെ ഒരു കുറവായി കണ്ട് മാറിനില്‍ക്കാന്‍ രേവതി ഒരിക്കലും തയാറായില്ല. തികഞ്ഞ രാഷ്ട്രീയ ബോധ്യമുള്ള രേവതിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് കുട്ടികള്‍ക്കും ആവേശം പകരുന്നതാണെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമല്‍ എബ്രാഹം മനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ക്ലാസിലെ കുട്ടികളാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രേവതിയെ ആദ്യം നിര്‍ബന്ധിച്ചത്. അതിന്റെ കൂടെ എസ്.എഫ്.ഐയോടുള്ള താല്‍പര്യം കൂടിയായപ്പോള്‍ ചെയര്‍പേഴ്സണ്‍ എന്ന ഉത്തരവാദിത്വം രേവതി ഏറ്റെടുത്തു. കുട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണ ലഭിച്ചപ്പോള്‍ മല്‍സരിക്കാന്‍ തന്നെ ഉറച്ചു. എന്നാല്‍ നന്നായി പഠിക്കുന്ന രേവതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു എന്ന അറിഞ്ഞപ്പോള്‍ ടീച്ചര്‍മാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. എന്നാല്‍ പിന്നീട് അവരും സഹായവുമായി മുന്നോട്ട് വന്നു. അങ്ങനെ കെ.എസ്.യുവില്‍ നിന്നും കോളജ് യൂണിയന്‍ തിരികെ പിടിച്ച് രേവതി പോരാട്ടത്തില്‍ വിജയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് നേടാന്‍ ഏതറ്റം വരെയും പോകാനുള്ള മനസുമായിയാണ് രേവതി കോളജ് ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സിപിഎം അനുഭാവമുള്ള കുടംബത്തില്‍ നിന്നുമാണ് രേവതി വരുന്നത്. ഇലവുംതിട്ട സ്വദേശിയായി രവിയുടെയും ജിജിയുടെ മകളാണ്. 

മറ്റ് കുട്ടികളെ പോലെ ഓടികളിച്ച് നടന്നിരുന്ന രേവതിക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് നടക്കാന്‍ ബുദ്ധിമുട്ട് തോന്നി തുടങ്ങിയത്. പല ആശുപത്രികളിലും ചികില്‍സിച്ചെങ്കിലും ഒന്‍പതില്‍ എത്തിയപ്പോള്‍ വേദന കലശലായി. വണ്ടാനം മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ നിന്നാണ് ഇത് എസ്.എം.എ രോഗത്തിന്റെ മൂന്നാം സ്റ്റേജാണ് എന്ന് മനസിലായത്. ഇതിന് ഇന്ത്യയില്‍ മരുന്ന് ലഭ്യവുമല്ല. പിന്നീട് നടത്തം വോക്കിങ് സ്റ്റിക്കിന്റെ സഹായതോടെയായിരുന്നു. ഫിസിയോതെറാപ്പി മാത്രമായിരുന്നു ചികില്‍സ. എന്നാല്‍ കോവിഡ് കാലത്ത് ഫിസിയോതെറാപ്പിയും മുടങ്ങി. ഇതോടെയാണ് വീല്‍ ചെയറിന്റെ സഹായം തേടിയത്. കാതോലിക്കേറ്റ്‌ കോളജിലെ ഉള്‍പ്പടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്വപ്നങ്ങൾക്ക് പരിമിതികളില്ലൊതെ മുന്നേറാമെന്ന് കാട്ടിക്കൊടുക്കുയാണ് ഇന്ന് രേവതി.

ENGLISH SUMMARY:

RV Revathy elected as new Chairperson of Catholicate College