എറണാകുളത്തെ എന്‍സിസി ക്യാംപിനിടയിലെ സംഘര്‍ഷത്തില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്. ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് കേസ്. ക്യാംപില്‍ അതിക്രമിച്ചുകയറി സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. കളമശേരി മുനിസിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലര്‍ പ്രമോദും പ്രതിപ്പട്ടികയിലുണ്ട്.
അതേസമയം, ക്യാംപിലേക്ക് തിരിച്ചെത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് സംഘാടകര്‍ നിര്‍ദേശം നല്‍കി. നാളെ വൈകിട്ടോ മറ്റന്നാള്‍ രാവിലെയോ മടങ്ങിയെത്തണമെന്നും തുടര്‍ന്നും ക്യാംപില്‍ പങ്കെടുത്താല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂവെന്നുമാണ് മുന്നറിയിപ്പ്. എന്നാല്‍ സുരക്ഷ ഉറപ്പാക്കി മാത്രം കൊച്ചിയിലെ ക്യാംപ് തുടര്‍ന്നാല്‍ മതിയെന്നാണ് കലക്ടര്‍ വ്യക്തമാക്കിയത്. പരിശോധന തുടരണമെന്ന് തൃക്കാക്കര നഗരസഭയ്ക്കും നിര്‍ദേശം നല്‍കി.
ഇന്നലെ രാത്രിയാണ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 75 എന്‍സിസി കേഡറ്റുകള്‍ ചികില്‍സ തേടിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ക്യാംപിലെത്തിയതോടെ വലിയ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. തൃക്കാക്കര കെഎംഎം കോളജിലെ 21 കേരള ബറ്റാലിയന്‍ ക്യാംപിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. നിരവധി കുട്ടികള്‍ ക്ഷീണിതരായി തളര്‍ന്ന് വീണു. പലര്‍ക്കും കടുത്ത വയറുവേദനയും അനുഭവപ്പെട്ടതോടെ പൊലീസ് വാഹനങ്ങളിലും ആംബുലന്‍സിലുമായാണ് ആശുപത്രികളിലെത്തിച്ചത്.