TOPICS COVERED

മുന്നൂറോളം കാമറകളുടെ മ്യൂസിയം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട അയിരൂര്‍ സ്വദേശി ജയകുമാര്‍. പഴയകാലത്തെ കാമറകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മറ്റ് ചില പുരാവസ്തുക്കളുടേയും ശേഖരം ജയകുമാറിനുണ്ട്.

ഇരുപതാം വയസില്‍ അമ്മ വാങ്ങിക്കൊടുത്ത വിവിറ്റാര്‍ കാമറയാണ് ജയകുമാറിനെ ഈ ലോകത്ത് എത്തിച്ചത്. പിന്നീട് കാമറകളോട് ഭ്രമമായി.അങ്ങനെയാണ് മുന്നൂറോളം കാമറകള്‍ പല വഴി ശേഖരിച്ചത്. 1942ല്‍ കേരളത്തില്‍ നിര്‍മിച്ചിരുന്ന ഫീല്‍ഡ് കാമറ വാകേശ്വരിയും ശേഖരത്തില്‍ ഉണ്ട്. സുഹൃത്തുക്കളുടെ അടക്കം സഹായത്തോടെയാണ് കാമറകള്‍ ശേഖരിക്കുന്നത്. മുപ്പത് വര്‍ഷമായി ജയകുമാറിന്‍റെ സ്വകാര്യ മ്യൂസിയം തുടങ്ങിയിട്ട്.

ഇപ്പോഴും കാമറകള്‍ തേടിയുള്ള യാത്രയിലാണ്. ഒട്ടേറെ വിദ്യാര്‍ഥികളാണ് കാമറയെ പരിചയപ്പെടാന്‍ എത്തുന്നത്. കാമറയ്ക്ക് പുറമേ പത്തായം, വിവിധ ഭാഷകളിലെ ടൈപ്പിങ് മെഷീനുകള്‍, നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പിയാനോ, ഗ്രാമഫോണുകള്‍, മൈക്കുകള്‍ തുടങ്ങിയ പുരാവസ്തുക്കളുടെ വലിയ ശേഖരവും ജയകുമാറിനുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഉപകരണങ്ങളേയും രീതികളേയും കൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ENGLISH SUMMARY:

Antique camera collection of Jayakumar