Image Credit ;Facebook

പൊലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന മാസ് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബൈജു സന്തോഷ്. അടിനാശം വെള്ളപ്പൊക്കം എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള വിഡിയോയാണ് താരം പങ്കിട്ടത്. കാറോടിച്ച് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട കേസില്‍ കഴിഞ്ഞ ഞായറാഴ്ച്ച ബൈജു അറസ്റ്റിലായിരുന്നു. 

ആ സംഭവവുമായി ബന്ധപ്പെട്ട്, പൊലീസ് വേഷത്തിലുള്ള ഈ വിഡിയോയില്‍ ബൈജു ഒരു ഡയലോഗ് പറയുന്നുണ്ട്. 'കഴിഞ്ഞ ഞായറാഴ്ച്ച ശെരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി, ഈ ‍ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്, മനുഷ്യന്‍റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും'.  ഇതിന് താഴെ നിരവധി കമന്‍റുകളാണ് നിറയുന്നത്. 

താങ്കളെ ഇഷ്ടമാണ്; പക്ഷേ...ആ കാറപകടത്തിലെ താങ്കളുടെ നിലപാടും വാക്കുകളും വല്ലാതെ വെറുപ്പിച്ചുവെന്ന് പറയുകയാണ് പ്രദീപ് കുമാര്‍. നിയമം പാലിക്കാൻ ഉള്ളതാണ്, പ്രതേകിച്ചും ട്രാഫിക് നിയമങ്ങൾ ഒരാളുടെ അശ്രദ്ധ വൻ അപകടങ്ങൾ വിളിച്ചു വരുത്തില്ലേ, ഇനിയെങ്കിലും ശ്രദ്ധിക്കണം എന്ന് ഉപദേശിക്കുന്നു മുഹമ്മദ് ഹാഷിം. ഇനി നേരെ ആ സ്റ്റേഷനിലേക് ചെന്ന് അറസ്റ്റ് ചെയ്തവരെ എല്ലാം സസ്പെന്‍ഡ് ചെയ്തേക്കെന്ന് തമാശ രൂപേണെ കമന്‍റിടുന്നു നഹാസ്. 

നിങ്ങളുടെ ബ്ലഡ്‌ സാമ്പിൾ ടെസ്റ്റ്‌ ചെയ്യാൻ സമ്മതിച്ചില്ലെന്ന് വാർത്ത വായിച്ചു. സാധാരണക്കാരനും സിനിമാക്കാരനും രണ്ടു നിയമം ആണോ ഈ നാട്ടിൽ എന്ന് ചോദിക്കുന്നു ശിവകുമാര്‍. അമിത വേഗത്തിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തില്‍ ബൈജു ക്ഷമ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിഡിയോ സന്ദേശത്തിലൂടെയായായിരുന്നു ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Baiju santhosh with a video as a policeman