• ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍
  • ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ 212 വില്ലേജുകളില്‍ മൂന്ന് മാസത്തിനകം പോര്‍ട്ടലിന്‍റെ സേവനങ്ങള്‍ ലഭിക്കും

ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു ക്ലിക്കില്‍ നിങ്ങളുടെ സ്ക്രീനില്‍ തെളിയുന്നു. ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി ചെരിപ്പ് തേയാതെ ഓണ്‍ലൈനായി ഒരു പോര്‍ട്ടലില്‍ കിട്ടുന്നു. ഇതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ‘എന്‍റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പോര്‍ട്ടല്‍ കേരളത്തിന് സമര്‍പ്പിച്ചു. കാസര്‍കോഡ് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജിലാണ് പോര്‍ട്ടലിന്‍റെ സേവനങ്ങള്‍ ആദ്യം ലഭിക്കുക. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ 212 വില്ലേജുകളില്‍ മൂന്ന് മാസത്തിനകം പോര്‍ട്ടലിന്‍റെ സേവനങ്ങള്‍ ലഭിക്കും. മറ്റിടങ്ങളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ലഭിച്ച് തുടങ്ങും.

എന്തൊക്കെ സേവനങ്ങള്‍....?

റവന്യൂ, സര്‍വേ, റജിസ്ട്രേഷന്‍ എന്നീ വകുപ്പുകളുടെ ഭൂമിസംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന മൂന്ന് പോര്‍ട്ടലുകള്‍ (പേള്‍, റെലിസ്, ഇ–മാപ്) ഒരുമിപ്പിച്ചാണ് ‘എന്‍റെ ഭൂമി’ പോര്‍ട്ടല്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖകളും സേവനങ്ങളും നിങ്ങളുടെ വിരല്‍ തുമ്പില്‍ ലഭിക്കും. ഭൂമിയുടെ കൈമാറ്റം, റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്കെച്ച്, തണ്ടപ്പേര് സര്‍ട്ടിഫിക്കറ്റ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്കെച്ച്, ഭൂനികുതിയടവ്, ഓട്ടോ മ്യൂട്ടേഷന്‍, തരംമാറ്റല്‍, ഡിജിറ്റല്‍ സര്‍വ്വേ മാപ്പ്, ഭൂമിയുടെ ന്യായവില, ഭൂ റെക്കോഡ് വിവരങ്ങള്‍, ലാന്‍ഡ് ഐഡന്‍റിഫിക്കേഷന്‍, തുടങ്ങിയവയെല്ലാം പോര്‍ട്ടല്‍ വഴി ലഭിക്കും.

ഡിജിറ്റല്‍ സര്‍വേ വിജയത്തിലേക്ക്

2022ല്‍ ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയുടെ ഭാഗമാണ് പോര്‍ട്ടല്‍. ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. ഇതുവരെ 219 വില്ലജുകളിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയിലും 39.4 ലക്ഷം പാര്‍സല്‍ ഭൂമികളിലും സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ ഡിജറ്റല്‍ രേഖകളെല്ലാം മൂന്ന് മാസത്തിനകം എന്‍റ ഭൂമി പോര്‍ട്ടലില്‍ ലഭ്യമാകും. അതോടെ ഈ ഭൂമിയുമായി ബന്ധപ്പെട്ട ക്രയ വിക്രയങ്ങളെല്ലാം പൂര്‍ണമായും ഡിജിറ്റലാകും. അതിലൂടെ സുതാര്യവും കാര്യക്ഷമവുമായ ഭൂ ഇടപാടുകളിലേക്ക് കേരളം മാറുമെന്നും, അഴിമതി, ഭൂമി തട്ടിപ്പ്, കയ്യേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അറുതിയാകുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷ.  

ENGLISH SUMMARY:

Kerala Government launches ‘Ente Bhoomi’ integrated land management system