അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ബ്രൈഡൽ ലുക്കിലുള്ള രേണുവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മഞ്ഞയിൽ ഗോൾഡൻ കസവുള്ള പട്ടുസാരിയാണ് രേണുവിന്റെ ഔട്ട്ഫിറ്റ്. സാരിക്ക് കോൺട്രാസ്റ്റായി ചുവപ്പ് ബ്ലൗസും അണിഞ്ഞിരിക്കുന്നു.
‘അവർ ജീവിക്കട്ടെ. ഭർത്താവ് മരിച്ചെന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല, വീണ്ടും സുമംഗലിയാകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയുള്ള കമന്റുകളും ഉണ്ട് ചിത്രത്തിന്. ഭർത്താവ് മരിച്ചാൽ സതി അനുഷ്ഠിക്കണമോ, അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ എന്നിങ്ങനെയും രേണുവിനെ പിന്തുണച്ച് കമന്റുകള്‍ ചോദിക്കുന്നു.
നേരത്തെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വിമർശനം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വെളിപ്പെടുത്തി രേണു രംഗത്ത് എത്തിയിരുന്നു. താൻ എന്തു ചെയ്താലും വിധവ എന്നു പറഞ്ഞു വിമർശിക്കുകയാണെന്ന് രേണു പറയുന്നു. പല വിമർശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിൽ രേണു പറഞ്ഞു.
‘ഒന്നിനും ഞാൻ ഇല്ല. എന്തു തെറ്റാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ ? എല്ലാം കുറ്റമാണ്. കേട്ടു കേട്ടു മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും. എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണെങ്കിൽ കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്തു ചെയ്‌താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും, ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം’ രേണു പറഞ്ഞു.