നവീന്‍ബാബുവിന്‍റെ മരണത്തില്‍ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ആത്മഹത്യ ആണെങ്കിൽ ഒരു ആത്മഹത്യ കുറിപ്പുണ്ടാകില്ലേയെന്ന നവീൻ ബാബുവിന്റെ ജീവിത പങ്കാളിയായ തഹസീൽദാർ ശ്രീമതി മഞ്ജുഷയുടെ വാക്കുകളിലുണ്ട് എല്ലാമെന്ന് മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്നാണ് മഞ്ജുഷ മാധ്യമങ്ങളോട് അല്പസമയം മുമ്പ് പ്രതികരിച്ചത്. നീതി ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പി.പി ദിവ്യയ്ക്ക് യാത്രയയപ്പ് വേദിയില്‍ സംസാരിക്കാന്‍ അവസരമൊരുക്കിയ ജില്ലാ കലക്ടറുടെ നടപടി ശരിയായില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അവര്‍ വിമര്‍ശനം ഉന്നയിച്ചു. അത്തരമൊരു കാര്യം സംസാരിക്കാനുള്ള വേദി അതായിരുന്നില്ലെന്നും മഞ്ജുഷ പറഞ്ഞു. സംഭവം നടന്നതില്‍ വിഷമത്തിലാണ് നവീന്‍ അന്ന് വൈകുന്നേരം വിളിച്ച് സംസാരിച്ചത്. ട്രെയിനിലാണെന്ന് തന്നെയാണ് നവീന്‍ അവസാനം സംസാരിക്കുമ്പോഴും പറയുന്നത്. നവീന്‍ എത്തരത്തിലെ ഉദ്യോഗസ്ഥനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു.
നീതിക്ക് വേണ്ടി മുന്നോട്ട് പോകുമെന്ന് നവീന്‍ബാബുവിന്‍റെ സഹോദരനും പ്രതികരിച്ചു. നിയമവഴിയാണ് കുടുംബം നോക്കിയതും സ്വീകരിച്ചതും. അങ്ങനെതന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഒറ്റവരിയിലായിരുന്നു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. 23ന് വിശദമായ വാദം കേട്ട ശേഷമാണ് ഹര്‍ജി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പിപി ദിവ്യ.