കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ആലുവ യു.സി കോളേജിൽ പഠിച്ചവർക്കും പഠിപ്പിച്ചവർക്കും മറക്കാനാകാത്ത ഒരു മുഖമുണ്ട്. പറവൂരുകാരൻ രാജശേഖരൻ നായരുടേത്. ആയുസിന്‍റെ നല്ലൊരു ശതമാനം യു.സി കോളജിന്‍റെ അടുക്കളയില്‍ ചെലവിട്ടാണ് രാജൻ യാത്രയാകുന്നത്.
ചരിത്രമുറങ്ങുന്ന ഈ കലാലയ മുറ്റത്തേക്ക് രാജശേഖരന്‍ നായര്‍ ഓടിക്കയറിയത് പതിനാലാം വയസില്‍. ദാരിദ്ര്യത്തോട് പടവെട്ടിയ ആ കാലം മുതല്‍ ഇന്ന് വരെ കരുത്തും തണലുമായിരുന്നു യു.സി കോളജ്. ഇവിടുത്തെ അടുക്കളയില്‍ നിന്ന് കലാലയത്തിന്‍റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ രാജന്‍ അടുത്ത ആഴ്ച ഇവിടം വിടുകയാണ്. ഉള്ളുലഞ്ഞാണ് മടക്കം.
ഏറ്റവും കൂടുതല്‍ ദിവസം കലാലയത്തില്‍ ചെലവിട്ടയാളാരെന്ന ചോദ്യത്തിനും രാജന്‍ തന്നെയാണ് ഉത്തരം. പുലരും മുതല്‍ ഉച്ചവരെ അടുക്കളയില്‍ നിറയുന്ന രാജന്‍റെ താമസവും കലാലയത്തില്‍. വൈകുന്നേരങ്ങളില്‍ കാന്‍റീന് മുന്നിലെ അരമതിലില്‍ മായാത്ത ചിരിയോടെ ഇരിപ്പുറപ്പിക്കുന്ന രാജനെ വരും ദിവസങ്ങളില്‍ യു.സി മിസ് ചെയ്യും.
പ്രായത്തിന്‍റെ അവശതയാണ് ജോലിയില്‍ നിന്ന് പിന്‍മാറാന്‍ കാരണം. സ്വന്തമായൊരു വീടെന്ന സ്വപ്നവും ബാക്കിയാക്കിയാണ് കുടുംബംപോലെ സ്നേഹിച്ച കലാലയത്തില്‍ നിന്ന് രാജന്‍റെ മടക്കം.