പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിച്ച സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം അല്പത്തരം കാണിക്കുന്നുവെന്ന് പി കെ ബഷീർ എംഎൽഎ. ഉമർ ഫൈസിക്ക് മറുപടി നൽകാൻ സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ സംഘടിപ്പിക്കുന്ന വിശദീകരണയോഗം എടവണ്ണപ്പാറയിൽ നടക്കും. ഇതോടെ സമസ്തക്കുള്ളിലെ ഭിന്നത പരസ്യമായ തലത്തിലേക്ക് മാറുകയാണ്.
സമുദായം അംഗീകരിച്ച പാണക്കാട് കുടുംബത്തെ തള്ളിപ്പറയുന്ന ഉമർ ഫൈസി മുക്കത്തെ ആരെങ്കിലും അംഗീകരിക്കുന്നുണ്ടോ എന്നായിരുന്നു പി കെ ബഷീറിൻറെ ചോദ്യം. അധികാരത്തിനുവേണ്ടി ഉമ്മർ ഫൈസി അൽപ്പത്തരം പറയുന്നു എന്നാണ് ആക്ഷേപം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പാണക്കാട് ഖാസി ഫൗണ്ടേഷനെയും ഉമർ ഫൈസി മുക്കം തള്ളിപ്പറഞ്ഞ എടവണ്ണപ്പാറയിൽ വച്ച് തന്നെയാണ് അതേ ഭാഷയിൽ സമസ്തയിലെ പ്രധാന നേതാക്കൾ മറുപടി നൽകാൻ ഒരുങ്ങുന്നത്. നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. സിപിഎമ്മിനോട് കൂടുതൽ അടുത്തുനിൽക്കുന്ന ഉമർ ഫൈസി മുക്കത്തെ അനുകൂലിക്കുന്നവരും ലീഗിനെ പിന്തുണക്കുന്നവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.