തിരൂരിലെ കിന്‍ഷിപ്പ് ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാര്‍ക്കൊപ്പമുള്ള വിഡിയോ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് മനാഫ്. ജീവിതം തളര്‍ന്ന് പോയെന്ന് കരുതിയ ഇടത്ത് നിന്നും കിന്‍ഷിപ്പ് ഫൗണ്ടേഷനിലെത്തി പഠിച്ച് പി.ജി വരെയെത്തിയ ഷെഫീദ ഹുസൈന്‍ എന്ന വിദ്യാര്‍ഥിനിയുടെ അനുഭവവും മനാഫ് തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.
പിഎസ്എംഒ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ ഷെഫീദ. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയതായിരുന്നു അവള്‍. ജീവിക്കാനുള്ള ഊര്‍ജമാണ് കിന്‍ഷിപ്പില്‍ നിന്ന് കിട്ടിയത്. എന്തെങ്കിലും വിഷമം വരുമ്പോള്‍ അവിടുത്തെ ജീവിതം ഒന്നോര്‍മിച്ചാല്‍ മാത്രം മതി. എല്ലാ വിഷമങ്ങളെയും അതുവഴി അതിജീവിക്കാനാകുമെന്നും അവള്‍ പറഞ്ഞു. ആര്‍ക്കെങ്കിലും പ്രചോദനം ആവുന്നുണ്ടെങ്കില്‍ ആവട്ടെ എന്ന് പറഞ്ഞാണ് മനാഫ് നിര്‍ബന്ധിച്ച് ആ പെണ്‍കുട്ടിയെ കൊണ്ട് സ്വന്തം കഥ പറയിച്ചത്.
ഇവരില്‍ നിന്ന് കിട്ടണ സ്നേഹത്തിന് കളങ്കമില്ലെന്നും, കാണാനാഗ്രഹിക്കുന്നത് ഇവരെയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു. ഇതിന് എതിരായി ദയവ് ചെയ്ത് ആരും ബാഡ് കമന്‍റ് എഴുതരുതെന്ന് കൂടെയുള്ളയാള്‍ പറഞ്ഞപ്പോള്‍ അങ്ങനെ പറയേണ്ട, എനിക്കെതിരെ ബാഡ് കമന്‍റ് എഴുതുന്നവര്‍ എഴുതിക്കോട്ടേ, അതവരുടെ താല്‍പ്പര്യം അല്ലേ എന്നായിരുന്നു മനാഫിന്‍റെ മറുപടി.
കഴിഞ്ഞ ദിവസം, ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച അര്‍ജുന്‍റെ ലോറി ഉടമ മനാഫിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ അവസരത്തില്‍ വന്ന നെഗറ്റീവ് കമന്‍റുകളുടെ പശ്ചാത്തലത്തിലായിരുന്നു ബാഡ് കമന്‍റ് എഴുതുന്നവര്‍ എഴുതിക്കോട്ടേ എന്ന അഭിപ്രായം വിഡിയോക്കിടെ മനാഫ് പങ്കിട്ടത്. ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറഞ്ഞതാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്.
ഇപ്പോള്‍ ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ്. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് അദ്ദേഹം. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയോഷനും ആരംഭിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറയുന്നു.