യു.എൻ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡ് 2024 തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ഏറ്റുവാങ്ങി. സുസ്ഥിര വികസനത്തിനുള്ള ആഗോള പുരസ്കാരമാണ് ഹാബിറ്റാറ്റ് ഷാംഗ്ഹായ് അവാര്‍ഡ്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ മേയര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. 2023മുതല്‍ നല്‍കി വരുന്ന അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമാണ് തിരുവനന്തപുരം. അഞ്ചു നഗരങ്ങളാണ് ഇത്തവണ ഷാംഗ്ഹായ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ നടന്ന ചടങ്ങിൽ മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട്സിറ്റി സിഇഒ രാഹുല്‍ ശര്‍മയും അവാര്‍ഡ് ഏറ്റുവാങ്ങി. ബ്രിസ്ബെയിന്‍ (ഓസ്ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്. സുസ്ഥിര വികസനം, അവസരങ്ങള്‍,വെല്ലുവിളികള്‍, റിസോഴ്സസ്, എന്നീ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.

17000 കിലോവാട്ട് സോളാര്‍ പാനല്‍, 2000 സോളാര്‍ തെരുവ് വിളക്കുകള്‍, എല്ലാ തെരുവ് വിളക്കുകളും എല്‍.ഇ.ഡി ലൈറ്റാക്കല്‍, പൊതുഗതാഗത സൗകര്യത്തിനായി 115 ഇലക്ട്രിക ബസുകള്‍, തൊഴില്‍ രഹിതര്‍ക്കായി 100 ഇലക്ട്രിക്കല്‍ ഓട്ടോ, 35 ഇലക്ട്രിക് സ്കൂട്ടര്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കി. മന്ത്രി എംബി രാജേഷ് മേയറെയും കോര്‍പറേഷനെയും അഭിനന്ദിച്ചു. കേരളത്തിനു അഭിമാനിക്കാവുന്ന നിമിഷങ്ങളെന്ന് മന്ത്രി പറഞ്ഞു.

മൊറാക്കോയിലെ അഗദിയർ,മെക്സിക്കോയിലെ ഇസ്തപലപ്പ, ആസ്‌ട്രേലിയയിലെ മെൽബൺ,ദോഹ എന്നീ നഗരങ്ങളാണ് രണ്ടാമത് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡിലേക്ക് തിരഞ്ഞെടുത്തത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ കോർപ്പറേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം ആര്യാരാജേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും നഗരസഭയിലെ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിട്ടുള്ള സംസ്ഥാന സർക്കാരിനും തദ്ദേശസ്വയം ഭരണ വകുപ്പിന് നന്ദി രേഖപെടുത്തുന്നുവെന്നും മേയര്‍ പ്രതികരിച്ചു.

Thiruvananthapuram Corporation Mayor Arya Rajendran received the UN Habitat Shanghai Global Award 2024:

Thiruvananthapuram Corporation Mayor Arya Rajendran received the UN Habitat Shanghai Global Award 2024.