ഭിന്നശേഷി കുട്ടികളെ സ്‌കൂൾ കായികമേളയുടെ ഭാഗമാകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. എല്ലാവരോടും ഒപ്പം തങ്ങളെയും ചേർത്ത് പിടിച്ചതിന്റെ സന്തോഷമാണ് ഓരോ മുഖങ്ങളിലും കാണാനായത്. മത്സരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കു വെക്കുകയാണ് മലപ്പുറത്ത് നിന്ന് എത്തിയ ശ്രീജിൻഷ.
Also Read; അവിയലും തോരനും സാമ്പാറും ചിക്കനും; കായികമേളയിലെ മെനു ഇങ്ങനെ
മലപ്പുറം പാണ്ടിക്കാട് സ്വദേശി ശ്രീജിൻഷയുടെ കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നമാണ് പൂവണിഞ്ഞത്. ജന്മനാ കാഴ്ചശക്തിയില്ല. പക്ഷെ പരിമിതികൾ പഴങ്കഥയാക്കി സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭിന്നശേഷിക്കാരുടെ മിക്സഡ് സ്റ്റാൻഡിങ് ജമ്പിൽ ശ്രീജിൻഷയും ഭാഗമായി. മങ്കട GHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
മത്സരത്തിൽ നാലാം സ്ഥാനമാണ് ലഭിച്ചതെങ്കിലും ഇവിടെ വരെ എത്തിയ സന്തോഷം എങ്ങനെ പങ്കു വെക്കണമെന്ന് അറിയില്ല ശ്രീജിൻഷയ്ക്ക്. കഴിഞ്ഞ വർഷം ജില്ലാ കായികമേളയിൽ ശ്രീജൻഷ പങ്കെടുത്തിരുന്നു.
Also Read; സ്കൂൾ കായികമേള കയ്യടക്കി ഇതര സംസ്ഥാന താരങ്ങള്‍
കൂലിപ്പണിയാണ് അച്ഛന്. ശ്രീജിൻഷയുടെ ഈ നേട്ടത്തിൽ കുടുംബം മുഴുവൻ സന്തോഷത്തിലാണ്. പരിമിതികൾ മറന്നുള്ള ഈ ചിരിയിൽ എല്ലാമുണ്ട്. ഇതുപോലെ ചിരിച്ച മുഖത്തോടെയാണ് മേളക്കെത്തിയ ഓരോ കുട്ടിയും മടങ്ങിയത്.