കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെ എയറിലായിരിക്കുകയാണ് എ എ റഹീം എംപി. ലുട്ടാപ്പി ട്രോള്‍ മുതല്‍ നീതുജോണ്‍സണ്‍ വരെ നിറഞ്ഞ് നില്‍ക്കുന്ന ട്രോളിനെ താന്‍ ഹൃദയവിശാലതയോടെ ഉൾക്കൊള്ളുന്നുണ്ടെന്നും അതിനെ ആ തലത്തില്‍ നേരിടുമെന്നും എ എ റഹീം പറഞ്ഞു.
വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ റഹീമിനെ കളിയാക്കി ട്രോളുകള്‍ പങ്ക് വച്ചിരുന്നു. അതേ സമയം കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്നെന്ന് റഹീം എംപി ആരോപിച്ചു. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, വി.കെ. ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ മാത്രം അറിഞ്ഞുള്ള രഹസ്യ ഇടപാട് ഇവരിൽ ഒരാളിലൂടെ മാത്രമേ പുറത്തുപോവുകയുള്ളുവെന്നും റഹീം ആരോപിച്ചു
റഹീമിന്‍റെ വാക്കുകള്‍
‘ജസ്റ്റ് മിസാണ്. ജസ്റ്റ് മിസിൽ കോൺഗ്രസ് ആശ്വസിക്കുന്നുണ്ട്. പൊലീസിന്‍റെ വീഴ്ചയല്ല. തന്ത്രപ്രധാനമായ മീറ്റിങ് ബോർഡ് റൂമിൽ ചേർന്നിട്ടുണ്ട്. അത് അവരും സമ്മതിക്കുന്നുണ്ട്. അത്രയും തന്ത്രപ്രധാനമായ മീറ്റിങ്ങിൽ എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്‍റ് ഇല്ലാത്തത് ? തൊട്ടടുത്താണ് ഡിസിസി ഓഫിസ്. എല്ലാവരുടെയും കണ്ണുവെട്ടിച്ചായിരുന്നു യോഗം. ബോർഡ് റൂമിൽ സിസിടിവി ഇല്ല. നാലു പേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കഴിയാത്ത വിധം കോൺഗ്രസ് നേതൃത്വം മാറി’