പലതരം ചലഞ്ചുകളുമായി യൂട്യൂബര്‍മാര്‍ പൊതുവിടങ്ങളിലെത്തുന്നത് പതിവാണ്. അത്തരമൊരു ചലഞ്ചിനിടെ അധ്യാപിക നടത്തിയ ഇടപെടല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. അബ്താര്‍ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലാണ് വിഡിയോ പുറത്തുവിട്ടത്. ‘ചലഞ്ച് കൊടുക്കുമ്പോ സ്കൂൾ ടീച്ചർ വന്ന് സീൻ ആക്കി’ എന്നാണ് വിഡിയോയുടെ ക്യാപ്ഷന്‍.
മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ നാരങ്ങ ചവച്ചിറക്കി കഴിക്കണം. അതായിരുന്നു ചലഞ്ച്. വിജയിച്ചാല്‍ അന്‍പത് രൂപ സമ്മാനം. വഴിയില്‍ കണ്ട പലരോടും ചലഞ്ചിന് തയ്യാറാണോ എന്ന് യൂട്യൂബര്‍ ചോദിക്കുന്നുണ്ട്. പലരും ചലഞ്ച് ഏറ്റെടുത്ത് സമ്മാനവും കൈപ്പറ്റി. ഇതിനിടയിലാണ് കുറച്ച് സ്കൂള്‍ കുട്ടികള്‍ക്കരികിലേക്ക് യൂട്യൂബര്‍ ചെല്ലുന്നത്. ചലഞ്ചിന് റെഡിയായി പെണ്‍കുട്ടികള്‍ നില്‍ക്കുമ്പോള്‍ ഇതു കണ്ടുകൊണ്ട് അധ്യാപിക കടന്നുവന്നു.
‘ഇതെന്താ ഇവിടെ പരിപാടി’ എന്ന് അധ്യാപികയുടെ ചോദ്യം. യൂട്യൂബ് ചാനല്‍ പരിപാടിയാണെന്ന് യൂട്യൂബറുടെ മറുപടി. ‘വേറെല്ലാം നിങ്ങള്‍ക്ക് എന്തേലും ഹറാമും ഒക്കെയല്ലേ, നേരെ വീട്ടില്‍ പോയേ... വിട്ടേ, വിട്ടേ. മതി. സ്കൂള്‍ വിട്ടാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ പോണം. ഒരു യൂട്യൂബ് ചാാനല്‍...’ എന്നു പറഞ്ഞ് അധ്യാപിക കുട്ടികളെ പറഞ്ഞുവിട്ടു.
സ്ഥലമേതാണെന്നോ, ഏതു സ്കൂളിലേതാണെന്നോ വ്യക്തമല്ല. അധ്യാപികയുടെ മുഖവും വിഡിയോയില്‍ കാണിച്ചിട്ടില്ല. വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ അധ്യാപികയെ വിമര്‍ശിച്ചും അനുകൂലിച്ചും കമന്‍റുകളുടെ പ്രളയമാണ്. ‘ടീച്ചർ നല്ല ഉദ്ദേശ്യത്തോടെയാണ് പറഞ്ഞതെങ്കിലും അത് പറഞ്ഞ രീതി ശരിയായില്ല’ എന്നാണ് ഒരുകൂട്ടരുടെ നിലപാട്.
‘അവരോട് വീട്ടിൽ പോകാന്‍ പറയാം. അത് ഓകെ, നല്ല കാര്യം. അത് പറയാൻ ഉള്ള അവകാശം അവർക്കുണ്ട്. എന്നാല്‍ അതിനിടയില്‍ മതത്തെ പറയേണ്ടേ ആവശ്യം എന്ത്? കുട്ടികളോട് പറയേണ്ടേ വാക്കുകളാണോ ഇത്?’ എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. ‘ഈ ടീച്ചർ വീട്ടിൽ പോകാൻ മാത്രമാണ് പറഞ്ഞതെങ്കിൽ ഇവരെ സപ്പോർട്ട് ചെയ്തേനെ. പക്ഷെ, “നിങ്ങൾക്ക് ഇതെല്ലാം ഹറാമല്ലേ" എന്ന് ഇവർ എന്തിനാണ് പറഞ്ഞത്’ എന്നാണ് മറ്റൊരു ഫെസ്ബുക് യൂസറുടെ ചോദ്യം. എന്നാല്‍ ടീച്ചര്‍ മാതൃകയാണെന്ന് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.