കാസർകോട് ജില്ലയിലെ ഒട്ടേറെ ക്രിമിനൽ കേസുകൾ തെളിയിക്കാൻ സഹായിച്ച പൊലീസ് നായ റൂണി വിരമിച്ചു. ഒമ്പതര വർഷത്തെ സേവനത്തിന് ശേഷമാണ് റൂണി വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. റൂണിയെ തൃശൂരിലെ വിശ്രാന്തിയിലേക്ക് മാറ്റി.
2016 ഏപ്രിൽ 10നാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഒന്നര വയസ്സുകാരി റൂണി കാസർകോട് K 9 സ്ക്വാഡിലേക്ക് എത്തുന്നത്. ജില്ലയിലെ ആദ്യ ദൗത്യം മലയോര മേഖലയായ ചിറ്റാരിക്കലിലുണ്ടായ കൊലപാതക കേസിലെ പ്രതിയെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പ്രതിയുടെ ചെരുപ്പിൽ നിന്ന് മണം പിടിച്ച് റൂണി നേരെ പ്രതിയുടെ വീട്ടിലെത്തി.
ബദിയടുക്കയിലെ കുട്ടിയുടെ തിരോധാനം , അമ്പലത്തറയിലെ വീട്ടമ്മയുടെ കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലും റൂണി തന്‍റെ കഴിവ് തെളിയിച്ചു.
അന്വേഷണ മികവ് മാത്രമല്ല പൊലീസ് ഡ്യൂട്ടി മീറ്റിലും റൂണി മികവ് കാട്ടി... 2018 ൽ കേരള പൊലീസ് ഡ്യൂട്ടി മീറ്റിൽ വെള്ളി മെഡൽ. 2019 ൽ ലഖ്‌നൗവിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ ഏഴാം സ്ഥാനവും നായ കരസ്ഥമാക്കി.വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ വിശ്രാന്തിയിലേക്കുള്ള യാത്രയിലും പരിശീലകരായ രഞ്ജിത്തും, പ്രജേഷും റൂണിക്കൊപ്പം ഉണ്ടായിരുന്നു.