യാത്രകളില്‍ നിന്ന് ലഭിക്കുന്ന പുതിയ അറിവുകള്‍ ചിലപ്പോള്‍ ജീവിതത്തെ തന്നെ മാറ്റി മറിക്കും. അത്തരത്തില്‍ ഒരു യാത്രയില്‍ കണ്ട കരളലിയിപ്പിക്കുന്ന സാഹചര്യം കൊണ്ട് ജീവിതം തന്നെ മാറ്റി മറിച്ചയാളാണ് യാത്രികനും യൂട്യൂബറുമായ ദിൽഷാദ്. 2021ൽ ബുള്ളറ്റോടിച്ച് ഇന്ത്യയില്‍ നിന്ന് ആഫ്രിക്കവരെ ദിൽഷാദ് സഞ്ചരിച്ചിരുന്നു. മഴയില്ലാത്ത ആ യാത്രക്കാലത്ത് പടിഞ്ഞാറൻ ടാൻസാനിയയിലെത്തിയപ്പോൾ പുഴയിൽനിന്നും മറ്റും കുഴികളുണ്ടാക്കി കിട്ടുന്ന ചളിവെള്ളം മുക്കിയെടുത്ത് കൊണ്ടുപോയി കുടിക്കുന്നവരെ ദില്‍ഷാദ് കണ്ടു, മലിനമായ ആ വെള്ളമാണ് അവർ കുടിക്കുന്നതെന്നറിഞ്ഞപ്പോൾ ചങ്കുപിടഞ്ഞു.
ആ ഗ്രാമങ്ങളിലെ കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് നേരിൽ കണ്ടതോടെ സാധ്യമാകുന്നത്ര കിണർ നിർമ്മിച്ച് നൽകണം എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് തിരിച്ചു. ഈ ലക്ഷ്യത്തിൽ ഥാറിൽ വീണ്ടും ആഫ്രിക്കയിലേക്ക് പോയി. സുഹൃത്തുക്കളുടെ സഹായത്തോടെ 13 കിണറുകൾ നിർമ്മിച്ച് നൽകി. 30 കിണറുകൾ പൂർത്തിക്കരിക്കാനുള്ള സംവിധാനമായിട്ടുണ്ട്.
സാധാരണ കിണർ കുഴിച്ചാൽ വെള്ളം കിട്ടുന്നിടത്ത് അങ്ങനെ, അല്ലാത്തിടത്ത് കുഴൽക്കിണർ. ടാൻസാനിയ-7, സാംബിയ-1, കെനിയ-1 എന്നിങ്ങനെ. ചിലത് സ്‌കൂളുകളിലാണ്. കിണറിനൊപ്പം ടാങ്കും പൈപ്പ് ലൈനും വെക്കുന്നുണ്ട്. സാധാരണ കിണറിന് 20,000 മുതൽ 38,000 രൂപവരെ ചെലവുവരും. ഗ്രാമങ്ങളിലാണെങ്കിൽ സാധനങ്ങളെത്തിക്കാൻ പ്രയാസമാണ്. പണിക്കൂലി കുറവാണ്. കുഴൽക്കിണറിന് 1.20 ലക്ഷം മുതൽ 1.80 ലക്ഷം വരെയാണു ചെലവ്
‘ദിൽഷാദിന്‍റെ വാക്കുകള്‍’
2021 ലാണ് ജീവിതത്തിന്‍റെ കാഴ്‌ചപ്പാടുകളെ തന്നെ മാറ്റിമറിക്കുന്ന ചില സംഭവവികാസങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യയിൽ നിന്നും ബുള്ളറ്റ് ഓടിച്ച് ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിക്കണമെന്ന പദ്ധതിയുമായി യാത്ര പുറപ്പെട്ടു. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും വലിയ വരൾച്ച നേരിടുന്ന സമയമായിരുന്നു അത്. കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്‌ടപ്പെടുന്നത് നേരിൽ കാണാനിടയായി. കുടിവെള്ളത്തിന്‍റെ ലഭ്യത കുറവ് സഞ്ചാരിയായ തന്നെയും ബാധിച്ചു.ടാൻ സാനിയ അടക്കമുള്ള രാജ്യങ്ങളിലെ വെറ്റ്ലാൻഡുകൾ പോലും കടുത്ത വരൾച്ചയിൽ മരുഭൂമിക്ക് സമമായി മാറിയിരുന്നു. വെള്ളമില്ലാതെ നരകിക്കുന്ന ആ നാടുകളിലെ ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു സഹായം ചെയ്യണമെന്ന് അപ്പോൾ തന്നെ തീരുമാനിക്കുകയുണ്ടായി. ഇനിയൊരു യാത്ര ആഫ്രിക്കയിലേക്ക് സംഭവിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു നാട്ടിൽ ഒരു കിണർ പണിഞ്ഞു കൊടുക്കണമെന്ന് തീരുമാനിച്ചു. മൂന്ന് വർഷങ്ങൾക്കുശേഷം വീണ്ടും ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചതോടെ ഈ യാത്രയിൽ തന്‍റെ ഒരു മാസത്തെ യൂട്യൂബ് വരുമാനം കൊണ്ട് എവിടെയെങ്കിലും ഒരു കിണർ പണിയണമെന്ന് ഉറപ്പിച്ചു.നാട്ടിലെ 15,000 ദിനം 20,000 ത്തിനും രൂപയ്ക്കിടയിലാണ് ഒരു കിണർ പണിയാൻ വേണ്ടി വന്നത്. കെനിയ, ടാൻസനിയ, മുസാബിക്, സാമ്പിയ തുടങ്ങിയ രാജ്യങ്ങളിലായി ഇപ്പോൾ 12 ലധികം കിണറുകൾ പണിഞ്ഞു നൽകുന്നതിന് ദൈവകൃപ കൊണ്ട് സാധിച്ചു.