ചില ഓട്ടോഡ്രൈവര്‍മാരുടെ പെരുമാറ്റവും അധികചാര്‍ജിനായുള്ള വാക്കുതര്‍ക്കങ്ങളും പലപ്പോഴും വിമര്‍ശനത്തിനിടയാക്കാറുണ്ട്. വലിയ ഒച്ചയെടുത്ത് സംസാരിച്ച് യാത്രക്കാരെ പേടിപ്പിച്ച് അധികചാര്‍ജ് വാങ്ങുന്നതൊക്കെ ഒരു വിഭാഗത്തിന്റെ സ്ഥിരം പരിപാടിയാണ്. നിരന്തര പരാതിയെത്തുടര്‍ന്നാണ് കൊച്ചിയില്‍ എംവിഐ സംഘം വേഷം മാറി യാത്രക്കാരായത്. പിടികൂടിയത് 10ഓട്ടോക്കാരെ.
30 രൂപയുടെ ഓട്ടത്തിന് 50 രൂപ ചോദിച്ച ഓട്ടോഡ്രൈവറോട് യാത്രക്കാരന്‍ നിയമം പറഞ്ഞപ്പോള്‍ ‘കാശു തന്നിട്ട് പോയി പണിനോക്ക്’ എന്നായിരുന്നു ഡ്രൈവറുടെ തിരിച്ചുള്ള മറുപടി. തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരന്‍ വെറും യാത്രക്കാരനല്ല കാക്കിവേഷം മാറി വന്നയാളാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ മാപ്പായി, കരച്ചിലായി, കാലുപിടിത്തമായി. പണിപാളിയെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ പിന്നെ ഒറ്റക്കരച്ചില്‍, ‘തെറ്റുപറ്റി സാറേ, ഉപദ്രവിക്കരുത്’...
കാക്കികുപ്പായം അഴിച്ചുവച്ച് സാധാരണ യാത്രക്കാരായി ഓട്ടോയില്‍ കയറിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ടെത്തിയത് ഓട്ടോഡ്രൈവര്‍മാരുടെ വെറൈറ്റി സ്വഭാവവും നിയമലംഘനങ്ങളും. കലൂരില്‍ നിന്ന് കത്രിക്കടവ് വരെ ഓട്ടോയില്‍ സഞ്ചരിച്ച ‘യാത്രക്കാരന്‍’ യാത്രക്കൊടുവില്‍ നിരക്ക് അറിയാന്‍ മീറ്ററിലേക്ക് നോക്കിയപ്പോള്‍ ഓട്ടോക്കാരന് പുച്ഛവും പരിഹാസവും. ‘മോന്‍സല്‍ മാവുങ്കലിന്റെ പുരാവസ്തുവാണ് , അനങ്ങില്ല’,എന്ന് ഓട്ടോഡ്രൈവര്‍. കാണണോ പൂരം അതും എംവിഐയോട്. അവിടെയും അധികചാര്‍ജിനായി വാക്കുതര്‍ക്കം. പിന്നാലെ എംവിഐ എന്നു ബോധ്യപ്പെട്ടതോടെ ഇവിടെയും കാലുപിടിത്തം തുടങ്ങി.
അഞ്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് യൂണിഫോമില്ലാതെ ഓട്ടോക്കാരിലെ കുഴപ്പക്കാരെ തേടിയിറങ്ങിയത്. പരാതി വ്യാപകമായതോടെയാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ. മനോജ് വേഷം മാറിയുള്ള പരിശോധനക്ക് നിര്‍ദേശം നല്‍കിയത്. ഗുരുതര നിയമലംഘനം കണ്ടെത്തിയ 10 ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തു. 23,250 രൂപ പിഴയും ഈടാക്കി. മീറ്റര്‍ ഇല്ലാത്തതും ഉണ്ടായിട്ടും പ്രവര്‍ത്തിപ്പിക്കാത്തതും ഇതില്‍ ഉള്‍പ്പെടും. ഇന്‍ഷൂറന്‍സ് ഇല്ലാത്തതും ലൈസന്‍സ് ഇല്ലാത്തതും ഇതില്‍പ്പെടും. എഎംവിഐമാരായ ദീപുപോള്‍, സിഎന്‍ ഗുമദേഷ്, ടി.എസ് സജിത്, അരുണ്‍ പോള്‍, ജോബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.