വഴിയോരത്ത് കക്കയിറച്ചി വിൽക്കുന്നതിനൊപ്പം സ്വന്തമായി കവിതകൾ എഴുതി അവ ചിട്ടപ്പെടുത്തി നന്നായി പാടുന്ന ഒരു കലാകാരിയെ പരിചയപ്പെടാം ..കോട്ടയം അതിരമ്പുഴ കോട്ടമുറി സ്വദേശിനി സന്ധ്യയാണ് ആ കലാകാരി.. മൂന്നുവർഷമായി അതിരമ്പുഴ മുണ്ടുവേലിപ്പടിയിലെ കച്ചവടത്തിനൊപ്പം ഇഷ്ടങ്ങളെ ചേർത്തു പിടിക്കുകയാണ് സന്ധ്യ.
സംഗീതം എവിടെയും പഠിച്ചിട്ടില്ല.. 20ലധികം പാട്ടുകൾ എഴുതി.. മനോഹര താളത്തിൽ ചിട്ടപ്പെടുത്തി. കക്കായിറച്ചി വിൽക്കാൻ വെച്ചിരിക്കുന്ന തട്ടിനോട് ചേർന്നുള്ള ഡയറിയിൽ കുറിക്കുന്നതാണ് പിന്നീട് മനോഹരമായ പാട്ടാവുന്നത്.. ഇതിനിടെ സാധനം വാങ്ങാൻ എത്തുന്നവർ രണ്ടുവരി സിനിമ പാട്ട് പാടാൻ പറഞ്ഞാൽ സന്തോഷത്തോടെ പാടും.
പുല്ലപ്പള്ളി മഹാദേവ കീർത്തനം പുസ്തകം പുറത്തിറക്കി..മംഗള കാരി,ദക്ഷക,ചിലമ്പിന്‍റെ നാദം എന്നിങ്ങനെ മൂന്ന് മ്യൂസിക്കൽ ആൽബങ്ങൾ നിർമ്മിച്ചു.. ഇനിയും സ്വപ്നങ്ങളേറെ. രണ്ട് പെൺമക്കളെ വിവാഹം കഴിപ്പിച്ചു.. ഇനി സ്വന്തമായി ഒരു കുഞ്ഞു വീട് വെക്കണം എന്നതാണ് മറ്റൊരു മോഹം..ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും മുറുകെ പിടിച്ചാണ് സന്ധ്യയുടെ ഉപജീവനവും അതിജീവനവും.