കൊച്ചി പനങ്ങാട് റിട്ടയേര്‍ഡ് അധ്യാപിക ത്രേസ്യാമ്മയുടെ അരുമപ്പശു നാലുകാലില്‍ നിന്നത് ടീച്ചറുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ ഫലമായിട്ടായിരുന്നു. പിന്‍കാല്‍ മുറിച്ചു കളയേണ്ടി വന്ന മണിക്കുട്ടിക്ക് കഴിഞ്ഞ വര്‍ഷമാണ് കൃത്രിമക്കാല്‍ ഘടിപ്പിച്ചത്. ജീവിതത്തിലേക്ക് തിരികെ കയറിയ അവള്‍ ഇപ്പോള്‍ അമ്മയായി.
ടീച്ചറുടെ പിറന്നാള്‍ ദിവസമാണ് മകന്‍ മണിക്കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്. അങ്ങനെ അവള്‍ ആ വീട്ടിലെ അരുമയായി. തൊഴുത്തില്‍ കയറിയ ഉടുമ്പിനെ കണ്ട് പേടിച്ചുചാടിയപ്പോഴാണ് പിന്‍കാല്‍ നഷ്ടമായത്. അറക്കാന്‍ കൊടുക്കാനും കൊണ്ടുപോയി കളയാനും പലരും പറഞ്ഞപ്പോഴും മണിക്കുട്ടിയെ കൈവിടാന്‍ ടീച്ചര്‍ തയാറായില്ല.
പല ചികില്‍സകള്‍ക്കൊടുവില്‍ ഡോക്ടര്‍ സി.കെ പ്രേംകുമാറാണ് കൃത്രിമക്കാലെന്ന ആശയം മുന്നോട്ട് വച്ചത്. പൊയ്ക്കാലില്‍ നടക്കാനും നില്‍ക്കാനുമെല്ലാം മണിക്കുട്ടി ശീലിച്ചു. രണ്ടുദിവസം മുന്‍പ് അവള്‍ പശുക്കിടാവിന് ജന്മം നല്‍കി.