TOPICS COVERED

ചമയങ്ങളില്ലാത്ത ലോകത്തേക്ക് അഞ്ജലിയും ജെസി മോഹനും വിടപറ‍ഞ്ഞപ്പോള്‍ നാടൊന്നാകെ ആ നൊമ്പരത്തില്‍ പങ്കുചേര്‍ന്നു, നാടകയാത്രയ്ക്കിടെ കണ്ണൂർ കേളകത്തു വാൻ മറിഞ്ഞു മരിച്ച അഞ്ജലിയുടെയും ജെസിയുടെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ എട്ടോടെയാണു കെപിഎസിയിൽ എത്തിച്ചത്. നാടക സംഭാഷണങ്ങൾ മുഴങ്ങാറുള്ള ഓഡിറ്റോറിയത്തിൽ ഇന്നലെ കരച്ചിലിന്‍റെ സ്വരം മാത്രമാണ് കേട്ടത്. 

കെപിഎസിയുടെ ഈഡിപ്പസ് എന്ന നാടകത്തിലൂടെയാണ് അഞ്ജലി പ്രഫഷനൽ നാടക അരങ്ങിലെത്തിയത്.ഉല്ലാസുമായുള്ള വിവാഹത്തിലേക്കെത്തിയ പ്രണയത്തിനും ഇടമൊരുങ്ങിയത് ഇവിടെത്തന്നെ. ‘ഈഡിപ്പസ്’ അവതരിപ്പിച്ചിരുന്ന കാലത്ത് ഉല്ലാസും കെപിഎസിയുടെ ഭാഗമായിരുന്നു. 15 വയസ്സ് മുതൽ പ്രഫഷനൽ നാടകവേദിയുടെ ഭാഗമായ അഭിനേത്രി ജെസി മോഹനും ഭർത്താവ് പരേതനായ തേവലക്കര മോഹനനും നാടകവേദികൾക്കെല്ലാം സുപരിചിതരും.കെപിഎസിയിലെ പൊതുദർശനത്തിനു ശേഷം പതിനൊന്നോടെ അഞ്ജലിയുടെ മൃതദേഹം മുതുകുളത്തെ ഹരിശ്രീ ഭവനത്തിലെത്തിച്ചു. അഞ്ജലിയുടെ മാതാവ് ഉഷാകുമാരിയുടെയും ഭർതൃമാതാവ് സരസ്വതിയുടെയും കരച്ചിൽ പ്രിയപ്പെട്ടവരിലേക്കെല്ലാം വിലാപമായി പടർന്നു. മൃതദേഹത്തെ അനുഗമിച്ചെത്തിയ ഉല്ലാസും പിതാവ് ഉണ്ണികൃഷ്ണനും സഹോദരൻ ഹരികൃഷ്ണനും അഞ്ജലിയുടെ പിതാവ് ജനാർദനനും നിറകണ്ണുകളിൽ ദുഃഖം അടക്കിപ്പിടിച്ചു. ചുറ്റുമുള്ളവരുടെ കരച്ചിൽ കണ്ട് അഞ്ജലിയുടെ മകൻ മൂന്നര വയസ്സുകാരൻ ട്രോണും അമ്പരന്നു കരഞ്ഞു. മുത്തശ്ശി സരസ്വതിയുടെ കയ്യിലിരുന്ന് അവൻ അമ്മയെ ഉമ്മവച്ചു. ആ കാഴ്ച ചുറ്റുമുള്ളവരുടെ സങ്കടം ഇരട്ടിപ്പിച്ചു. അഞ്ജലി നാടകത്തിനു പോകുമ്പോൾ സരസ്വതിയാണ് ട്രോണിനെ നോക്കുന്നത്. ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാകും അഞ്ജലി തിരിച്ചെത്തുന്നത്. എങ്കിലും സരസ്വതിയോടൊപ്പം അവൻ പിണക്കമില്ലാതെ കഴിഞ്ഞിരുന്നു. അഞ്ജലിയുടെ സഹോദരി അശ്വതി അന്ത്യകർമങ്ങൾ നിർവഹിച്ചു. ജെസി മോഹന്റെ സംസ്കാരം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ നടത്തി.

ENGLISH SUMMARY:

Two theatre artists died and 12 others were injured after a minibus carrying their troupe overturned and fell into a pit while negotiating a sharp curve at Kelakam in Kannur on Friday