കുറുവയുടെ കാലമാണ്, ആലപ്പുഴയും എറണാകുളവും കുറുവ ഭീതിയിലാണ്. ഇപ്പോഴിതാ ആരെക്കണ്ടാലും കുറുവയാണോ എന്നൊരു സംശയം പൊലീസിനു മാത്രമല്ല നാട്ടുകാര്‍ക്കുമുണ്ട്. കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കാനെത്തിയ ആളും മനോദൗര്‍ബല്യത്താല്‍ അലഞ്ഞുതിരിഞ്ഞ ആളുമെല്ലാം കുറുവ സംഘാംഗം. സംശയാസ്പദമായി ആരെക്കണ്ടാലും നാട്ടുകാര്‍ പൊക്കും, പോലീസില്‍ ഏല്‍പിക്കും. പറവൂര്‍ ചേന്ദമംഗലം മേഖലയിലെ ചില വീടുകളിലുണ്ടായ മോഷണശ്രമത്തിനു പിന്നില്‍ കുറുവ സംഘമാണെന്നു സംശയമുയര്‍ന്നതോടെയാണ് ‘കള്ളന്‍മാരെ’ നാട്ടുകാര്‍ കസ്റ്റഡിയിലെടുക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം പെരുമ്പടന്ന ഭാഗത്ത് കോഴിക്കുഞ്ഞുങ്ങളുമായെത്തിയ രണ്ടുപേരെ നാട്ടുകാര്‍ തടയുകയും പൊലീസിനെ ഏല്‍പിക്കുകയും ചെയ്തു. മോഷ്ടാക്കളല്ലെന്നു ബോധ്യപ്പെട്ടതോടെ പൊലീസ് വിട്ടയച്ചു. ഞായറാഴ്ച രാത്രി കെടാമംഗലത്തും സമാനസംഭവമുണ്ടായി. കണ്ണന്‍ചിറ ഭാഗത്ത് സംശയാസ്പദമായി കണ്ട ആളെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പിച്ചു. ഹിന്ദി സംസാരിക്കുന്ന ഇയാളുടെ കയ്യില്‍ മുളകുപൊടിയും കല്ലുകളും കണ്ടെത്തിയതാണ് മോഷ്ടാവാണെന്ന സംശയം ശക്തമാക്കിയത്. അലഞ്ഞു തിരിയുന്ന മനോദൗര്‍ബല്യമുള്ളയാളാണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെയും വിട്ടയച്ചു. ഇന്നലെ രാവിലെ വെടിമറയില്‍ അഗ്നിരക്ഷാ നിലയത്തിനു സമീപത്തുനിന്ന മറ്റൊരാളെയും നാട്ടുകാര്‍ പിടികൂടി.
തമിഴ്നാട് സ്വദേശിയായ ഇയാളുടെ തലയില്‍ വെട്ടുകൊണ്ട പാടുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗില്‍ കുപ്പിച്ചില്ലുകളും കൂര്‍ത്ത മാര്‍ബിള്‍ കഷണങ്ങളും തമിഴില്‍ വഴികള്‍ രേഖപ്പെടുത്തിയ പേപ്പറും. കസ്റ്റഡിയില്‍ തുടരുന്ന ഇയാള്‍ക്കും നിലവില്‍ നടന്ന മോഷണശ്രമങ്ങളുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് പൊലീസ് . ഇയാള്‍ക്കും മനോദൗര്‍ബല്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കുറുവ സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി. മോഷ്ടാക്കള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ചെറിയ വഴികളും ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളും കണ്ടെത്തുന്നതിനു വേണ്ടിയാണ് നിരീക്ഷണം.