മലയാളികളുടെ ഉറക്കത്തിലെ പേടിസ്വപ്നമായി മാറുകയാണ് കുറുവാസംഘം. തമിഴ്നാടിന്റെ അതിര്‍ത്തികള്‍ താണ്ടി, മധ്യകേരളത്തിലെത്തിയ പതിനാലംഗ സംഘം. അലഞ്ഞ് തിരിഞ്ഞ് നടന്ന് മോഷണ വീടുകള്‍ കണ്ടുവെക്കുന്നവര്‍. ആയുധവും കയ്യിലേന്തി അര്‍ധനഗ്നരായി അര്‍ധരാത്രിയില്‍ വീടുകളിലേക്കെത്തുന്നവര്‍. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ നിഷ്കരുണം കൊല്ലാന്‍ പോലും മടിക്കാത്തവര്‍. കുറുവാ സംഘത്തേക്കുറിച്ചുള്ള കഥകള്‍ പലതരത്തിലാണ് നാട്ടില്‍ പ്രചരിക്കുന്നത്.

ഈ സംഘം എറണാകുളം, ആലപ്പുഴ ജില്ലകളില്‍ മാത്രമേ എത്തിയിട്ടുള്ളെന്നും അവരെ കൃത്യമായി പ്രതിരോധിക്കാനായെന്നുമാണ് പൊലീസിന്റെ അവകാശവാദം. ഒരാള്‍ പിടിയിലായതോടെ സംഘത്തിലെ മറ്റുള്ളവര്‍ നാട് വിട്ടെന്നും ഇനി പേടിക്കേണ്ടെന്നും പൊലീസ് ഉറപ്പ് നല്‍കുന്നു.

എന്നാല്‍ കുറുവാ സംഘം പോയാലും ഇല്ലങ്കിലും നമ്മുടെ നാട്ടില്‍ തക്കംപാര്‍ത്തിരിക്കുന്ന ഇതരസംസ്ഥാന മോഷ്ടാക്കളുടെയെണ്ണം നാള്‍ക്കുനാള്‍ പെരുകുന്നതായാണ് പൊലീസിന്റെ കണക്ക്. ഓരോ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മോഷണക്കേസുകളില്‍ നാല്‍പത് ശതമാനത്തിന് പിന്നിലും ഇപ്പോള്‍ ഇതരസംസ്ഥാനക്കാരാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഇതരസംസ്ഥാന മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം 2021 ന് ശേഷം കുതിച്ചുയര്‍ന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021ല്‍ 192 മോഷണങ്ങളായിരുന്നു ഇതരസംസ്ഥാനക്കാര്‍ കേരളത്തില്‍ നടത്തിയത്. തൊട്ടടുത്ത വര്‍ഷം അത് 360 ആയി ഉയര്‍ന്നു. 2023 ല്‍ 519വും ഈ വര്‍ഷം സെപ്തംബര്‍ വരെ 307 മോഷണങ്ങളും ഇതരസംസ്ഥാനക്കാര്‍ കേരളത്തില്‍ നടത്തി. അതായത് രണ്ട് വര്‍ഷം കൊണ്ട് ഇതരസംസ്ഥാനക്കാര്‍ പ്രതികളായ മോഷണക്കേസുകളുടെയെണ്ണം മൂന്നിരട്ടിയായി കൂടി. ജോലിയും ജീവിതവും തേടി കേരളത്തിലേക്കെത്തുന്ന സാധാരണക്കാരായ അതിഥി തൊഴിലാളികളുടെ മറപിടിച്ച് മോഷ്ടാക്കളുടെ ഒഴുക്ക് കേരളത്തിലേക്ക് നടക്കുന്നതിന്റെ തെളിവാണിത്.

ഇവരില്‍ ഭൂരിഭാഗം പേരും അതിഥി തൊഴിലാളികളെന്ന പേരില്‍ എന്തെങ്കിലും ജോലി ചെയ്ത് നാട്ടില്‍ കൂടിയ ശേഷമാണ് മോഷണത്തിനായിഇറങ്ങുന്നത്. മോഷണം നടത്തിയ ശേഷം മറ്റ് ജില്ലകളിലേക്ക് മുങ്ങുന്നതുമാണ് പതിവ്. അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും അവരെ പൂര്‍ണ നിരീക്ഷണത്തിലാക്കുമെന്നത് അടക്കമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞതുമാണ് മോഷണക്കേസുകള്‍ വര്‍ധിക്കാന്‍ കാരണം.

അതേസമയം ഇതരസംസ്ഥാനക്കാര്‍ പ്രതികളായ ഭൂരിഭാഗം കേസുകളിലും പ്രതികളെ പിടിക്കാനായതാണ് പൊലീസ് നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നത്. 2021ല്‍ 192 കേസുണ്ടായപ്പോള്‍ 182 കേസിലും പ്രതികള്‍ പിടിയിലായി. 2022ലെ 360 േകസില്‍ 350ലും 2023ലെ 519 കേസില്‍ 499ലും പ്രതികള്‍ പിടിക്കപ്പെട്ടു. ഈ വര്‍ഷമുണ്ടായ 307 കേസില്‍ 294ലും പ്രതികളെ പിടിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.  

പ്രതികളെ പിടിച്ചെങ്കിലും പകുതിയിലേറെ കേസുകളില്‍ മോഷണമുതല്‍ തിരിച്ചെടുക്കാനായിട്ടില്ല. നാല് വര്‍ഷത്തിനിടെ ഉണ്ടായ 1380 കേസുകളില്‍ 980 കേസുകളില്‍ മാത്രമാണ് മോഷണമുതല്‍ ലഭിച്ചത്. അതായത് ഇതരസംസ്ഥാന മോഷ്ടാക്കള്‍ അഴിഞ്ഞാടുമ്പോള്‍ നഷ്ടം പാവം നാട്ടുകാര്‍ക്ക് മാത്രം

ENGLISH SUMMARY:

Kuruva gang and theft gangs are active in Kerala