കളമശേരി കൂനംതൈയിലെ അപാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ ചുണ്ടിക്കുഴി കോരോത്തുകുടി വീട്ടില്‍ ജയ്സി എബ്രഹാം ആണ് മരിച്ചത്. 55 വയസായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്നും ഒരു പല്ല് അടര്‍ന്നുപോയതായും പൊലീസ് പറഞ്ഞു.
എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ മരണത്തില്‍ സംശയം പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ജയ്സി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍ കവര്‍ച്ച ചെയ്യപ്പെട്ടതാണോ എന്ന സംശയമുണ്ട്. റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ സജീവമായിരുന്നു ജയ്സി എബ്രഹം.