പതിനെട്ടാം പടിയില്‍ തീര്‍ഥാടകരെ കൈപിടിച്ചു കയറ്റുന്ന കരുത്തനായ പൊലീസുകാരനെ കണ്ടാല്‍ ആരുമൊന്നു നോക്കും. പൊലീസുകാരുടെ രാജ്യാന്തര ബോഡി ബില്‍ഡിങ് മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോകുന്ന ആളാണ്. മല്‍സരത്തിന് ഒരുങ്ങുമ്പോഴാണ് എറണാകുളം സ്വദേശി ദയാലാലിനെത്തേടി ശബരിമല ഡ്യൂട്ടി എത്തുന്നത്.
ബോഡി ബില്‍ഡിങ് തുടങ്ങിയിട്ട് 16 വര്‍ഷമായി. 2020ല്‍ പൊലീസ് ഉദ്യോഗസ്ഥനായി. തുടര്‍ന്ന് നാലു വര്‍ഷം മിസ്റ്റര്‍ കേരള പൊലീസ് പട്ടം. പൊലീസുകാരുടെ ദേശീയ മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടി. ഇനി ജൂണിലാണ് രാജ്യാന്തര മല്‍സരം. ശബരിമലയില്‍ ആദ്യ ബാച്ചില്‍ ഡ്യൂട്ടി വന്നതോടെ അയ്യപ്പന്‍റെ അനുഗ്രഹം വാങ്ങിയിട്ടാകാം പരിശീലമെന്ന് തീരുമാനിച്ചു. വ്രതമെടുത്താണ് ശബരിമലയിലെ ചുമതലയ്ക്കെത്തിയത്. ജോലി ഏറ്റവും കഠിനമായ പതിനെട്ടാംപടിയില്‍.
തിരിച്ചിറങ്ങിയാല്‍ കടുത്ത പരിശീലനമാണ്. ദിവസം മൂന്നുനേരം പരിശീലനം. ഇതിനിടെ ഡ്യൂട്ടി. മേലുദ്യോഗസ്ഥരടക്കം മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് ദയാലാല്‍. ദിവസം രണ്ടായിരത്തോളം രൂപയാണ് പരിശീലനത്തിന്‍റെ ചെലവ്. പൊലീസിനകത്തും പുറത്തുമുള്ള സുഹൃത്തുക്കളുടെ സഹായങ്ങളുണ്ട്. അഭിഭാഷകയാണ് ഭാര്യ. ഒരു വയസുള്ള ഒരു മകളുണ്ട്. തൃപ്പൂണിത്തുറ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ദയാലാല്‍.