അയ്യപ്പന്‍റെ തപാല്‍ മുദ്രയ്ക്ക് 50 വയസ്. 1974ല്‍ ആണ് പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉള്ള ലോഹസീല്‍ വന്നത്. സ്വന്തമായി പിന്‍കോഡുള്ളതും ശബരിമല ക്ഷേത്രത്തിനാണ്. അരവണ അടക്കമുള്ള പ്രസാദങ്ങളും ഭക്തര്‍ക്ക് തപാല്‍ വഴി എത്തിക്കുന്നുണ്ട്.
തിരക്കേറിയതോടെ ശബരിമല സന്നിധാനത്ത് 1963ല്‍ പോസ്റ്റ് ഓഫിസ് നിലവില്‍ വന്നു. രാഷ്ട്രപതി കഴിഞ്ഞാല്‍ സ്വന്തമായി പിന്‍കോഡുള്ളതും അയ്യപ്പസ്വാമിക്കാണ്. 689713 ആണ് ശബരിമലയുടെ പിന്‍കോഡ്. തപാല്‍ ഓഫിസ് തുടങ്ങിയിട്ട് 61 വര്‍ഷമായി. 1974 നവംബറില്‍ ആണ് അപൂര്‍വ അയ്യപ്പ തപാല്‍ മുദ്ര നിലവില്‍ വന്നത്. മണ്ഡല മകരവിളക്ക് കാലത്തും, വിഷുവിനുമാണ് ശബരിമല പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
അടച്ചാല്‍ തപാല്‍ മുദ്ര പ്രത്യേക ലോക്കറിലേക്ക് മാറ്റും. അയപ്പസ്വാമിയുടെ പേരില്‍ മണി ഓര്‍ഡറുകളും, വിവാഹക്ഷണക്കത്തുകളും അടക്കം വരാറുണ്ട്. വരുന്ന മണിയോര്‍ഡറുകള്‍ അയ്യപ്പനെ കാണിക്കും. അയ്യപ്പന്‍റെ മുദ്രയുള്ള പോസ്റ്റല്‍ കാര്‍ഡിന് വേണ്ടിമാത്രം എത്തുന്ന ഭക്തരുണ്ട്. സന്നിധാനത്തെത്തിയാല്‍ അയ്യപ്പന്‍റെ മുദ്രയുള്ള കത്ത് സ്വന്തം വിലാസത്തിലേക്ക് അയച്ച് മലയിറങ്ങുന്ന തീര്‍ഥാടകര്‍ വരെയുണ്ട്.
Also Read; ശബരിമല വിമാനത്താവളത്തിന് കൊടുമണ്‍ പ്ലാന്‍റേഷന്‍റെ സാധ്യത; പ്രതീക്ഷയോടെ പത്തനംതിട്ടക്കാര്‍
ശബരിമല പ്രസാദം തപാല്‍ വഴി എത്തിക്കുന്നതും ശബരിമല പോസ്റ്റ് ഓഫിസ് വഴിയാണ്. ഒരു ടിന്‍ അരവണ. ഭസ്മം , കുങ്കുമം, ആടിയ നെയ്, അര്‍ച്ചന പ്രസാദം എന്നിവയുള്ള പാക്കറ്റിന് 520 രൂപയാണ് നിരക്ക്. കൂടുതല്‍ അരവണ വേണമെങ്കിലും ആവശ്യപ്പെടാം. രാജ്യത്ത് ഏത് പോസ്റ്റ് ഓഫിസില്‍ക്കൂടിയും ശബരിമല പ്രസാദം ബുക്ക് ചെയ്യാം.