divyasree-death

TOPICS COVERED

അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് ആ ഏഴുവയസുകാരന്‍റെ നെഞ്ച് പൊട്ടി, ഇനി തനിക്ക് അമ്മയില്ലെന്നുള്ള സത്യം മനസിലാക്കാന്‍ ആ മനസിന് കഴിഞ്ഞില്ല,  അമ്മയുടെ അനക്കമില്ലാത്ത ആ ശരീരം ആഷിഷ് ചേർത്തു പിടിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. അവന്റെ ദുഃഖവും മൗനവും നാടിന്റെ നൊമ്പരമായി.  മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബാറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീക്ക് അതിവൈകാരിക യാത്രയപ്പാണ് കരിവെള്ളൂർ ഗ്രാമവും സഹപ്രവർത്തകരും നൽകിയത്. 

കഴിഞ്ഞദിവസമാണ് ഭർത്താവ് കൊഴുമ്മലിലെ കെ.രാജേഷ് ദിവ്യശ്രീയെ വെട്ടിക്കൊന്നത്. എവി സ്മാരക വായനശാലയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിന് ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ബന്ധുക്കൾക്കും അയവാസികൾക്കും സങ്കടം പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. വീട്ടുമുറ്റത്ത് സായുധ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് യൂണിഫോമണിഞ്ഞ പൊലീസുകാർ അവസാനമായി സല്യൂട്ട് നൽകി. 

മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ കരിവെള്ളൂർ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീയെ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ.രാജേഷ് വെട്ടിക്കൊന്നത് ഭർതൃപീഡനം തുറന്നുപറഞ്ഞതിന്റെ പ്രകോപനത്തിലെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്നത്തെത്തുടർന്ന് രാജേഷുമായി അകന്ന ദിവ്യശ്രീ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. പിതാവ് കെ. വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീയുടെ താമസം. വെള്ളിയാഴ്ച കണ്ണൂരിൽ നടന്ന കൗൺസലിങ്ങിൽ ദിവ്യശ്രീ പീഡന വിവരങ്ങളും 7 ലക്ഷത്തോളം രൂപ രാജേഷ് ധൂർത്തടിച്ചതും തുറന്നുപറഞ്ഞു.

നേരത്തേ പെയ്ന്റിങ്, ഡ്രൈവർ ജോലികൾ ചെയ്ത രാജേഷ് കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. ദിവ്യശ്രീയാണ് രാജേഷിന്റെ ആവശ്യങ്ങൾക്കു പണം നൽകിയിരുന്നത്. ടാക്സിയും ബൈക്കും വാങ്ങിനൽകിയതും ഭാര്യവീട്ടുകാരാണ്. ദിവ്യശ്രീ പണം നൽകാതെവരുമ്പോൾ രാജേഷ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുകാലം മുൻപ് സ്വത്ത് സംബന്ധമായ പ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീയുടെ സഹോദരിയുടെ കാലിൽ രാജേഷ് ബൈക്ക് കയറ്റി. ദിവ്യശ്രീ വിവാഹമോചനം നേടിയാൽ തന്റെ വരുമാനം നിലയ്ക്കുമെന്ന അശങ്കയും പ്രതിക്ക് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

ENGLISH SUMMARY:

Kerala Police force are in mourning after the tragic murder of P. Divyasree, a respected officer, by her husband. The incident has sent shockwaves through the region, highlighting the serious issue of domestic violence.