ലോറിയുടെ പേര് പോലെ തന്നെ ക്ലീനറുടെ റോഡിലൂടെയുള്ള ഒരു ബിഗ് ഷോയാണ് ഉറങ്ങി കിടന്ന അഞ്ച് ജീവന് എടുത്തത്. തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറുമാണ് അറസ്റ്റിലായത്. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചത്. അമിത വേഗത്തില്‍ ഉറങ്ങി കിടന്ന നാടോടി സംഘത്തിന്റെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു ലോറി. ജീവനായിട്ടുള്ള നിലവിളി കേട്ടിട്ടും വാഹനം നിര്‍ത്താതെ ക്ലീനര്‍ ലോറി മുന്നോട്ട് പായിച്ചു.
എന്നാൽ പിന്നാലെ എത്തിയ നാട്ടുകാർ ദേശീയ പാതയിൽ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിർത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറിയാണ് ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. നാടോടികളായ 2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.