സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ ഗാര്‍ഹിക പീഡനക്കേസുകളില്‍ ഒന്നായിരുന്ന പന്തീരാങ്കാവ് കേസ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നവവധു ഭര്‍തൃവീട്ടില്‍ പീഡിപ്പിക്കപ്പെട്ടു, കൊലപാതകശ്രമം അടക്കം നടന്നു എന്നിങ്ങനെ വലിയ ആരോപണങ്ങളാണ് കേസില്‍ പ്രതിയായ രാഹുലിനെതിരെ ഉയര്‍ന്നത്. എന്നാല്‍ അന്വേഷണം ശക്തമായതോടെ യുവതി കാലുമാറി. പറഞ്ഞതെല്ലാം കള്ളമാണെന്നും പറയിപ്പിച്ചത് മാതാപിതാക്കളാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും യുവതി പറഞ്ഞതോടെ കാര്യങ്ങള്‍ തലകീഴായി.
ALSO READ; 'ഭര്‍ത്താവും അമ്മയും മര്‍ദിച്ചു'; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ആശുപത്രിയില്‍
നാലുമാസങ്ങള്‍ക്കിപ്പുറം അതേ പെണ്‍കുട്ടി വീണ്ടും ഭര്‍തൃവീട്ടില്‍ വച്ച് വീണ്ടും മര്‍ദനത്തിന് ഇരയായി എന്ന വാര്‍ത്തയാണ് എത്തുന്നത്. സാരമായി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തന്നെ ആശുപത്രിയില്‍ എത്തിക്കും വഴി ആംബുലന്‍സില്‍ വച്ചും ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചുവെന്നും പക്ഷേ പരാതിയില്ലെന്നുമാണ് യുവതി പറഞ്ഞത്. യുവതിയെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ ഭര്‍ത്താവ് രാഹുവിനെ പാലാഴിയില്‍ നിന്നാണ് പൊലീസ് പിന്നീട് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റാണ്.
നേരത്തെ കേസ് ബലപ്പെട്ട പിന്നാലെ രാഹുല്‍ നാടുവിട്ടിരുന്നു. യുവതി അനുകൂലമായി മൊഴി മാറ്റി പറഞ്ഞതോടെ രാഹുല്‍ തിരിച്ചെത്തി. രാഹുലിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും രാഹുലിനോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്നുവെന്നുമായിരുന്നു യുവതി അന്ന് പുറത്തുവിട്ട വിഡിയോയില്‍ പറഞ്ഞത്. പ്രതിസ്ഥാനത്ത് സ്വന്തം മാതാപിതാക്കളെയാണ് യുവതി നിര്‍ത്തിയത്.
രാഹുലും കുടുംബവും സ്ത്രീധനം ചോദിച്ചുവെന്നും ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞതും ചാര്‍ജറിന്‍റെ കേബിള്‍ കൊണ്ട് കഴുത്ത് മുറുക്കി എന്ന് പറഞ്ഞതുമെല്ലാം മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ്. തനിക്ക് ഒരിടത്തുനിന്നും പിന്തുണയുണ്ടായില്ല. പെട്ടെന്നുള്ള ഷോക്കില്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമായതും മാതാപിതാക്കാള്‍ മുതലെടുത്തു. അവര്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അതാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞതെന്നാണ് യുവതി വിഡിയോയില്‍ പറഞ്ഞത്. കേസ് ബലപ്പെടാന്‍ വക്കീലും ഈ നുണകള്‍ പറയണമെന്ന് ആവര്‍ത്തിച്ചുവെന്ന് പറഞ്ഞ യുവതി ഇക്കാര്യങ്ങള്‍ നുണപരിശോധനയിലൂടെ തെളിയിക്കാമെന്ന് മാതാപിതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു.
മാതാപിതാക്കള്‍ നുണപരിശോധനയ്ക്ക് തയ്യാറാണോ എന്നടക്കം യുവതി ചോദിച്ചിരുന്നു. ‘മകൾക്ക് 26 വയസ്സായി. ആരുടെ കൂടെ, എവിടെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അതിൽ അഭിപ്രായം പറയുന്നില്ല. നിയമപരമായും എന്റെ അഭിപ്രായത്തിന് സാധുതയില്ല’ എന്നായിരുന്നു യുവതിയുടെ പിതാവ് പറഞ്ഞത്. കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കി. ഇവരുടെ സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ രാഹുലിനൊപ്പം യുവതി പോയി. പല ട്വിസ്റ്റുകൾക്കുമൊടുവില്‍ അന്ന് കോടതിയില്‍ തീര്‍ന്നെന്ന് കരുതിയ കേസാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയാകുന്നത്.
ALSO READ: പന്തീരാങ്കാവ് ഗാര്‍ഹികപീഡനം ; പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി : വിഡിയോ
താന്‍ ഭാര്യയെ മർദിച്ചിട്ടില്ലെന്നും തമ്മിലുണ്ടായിരുന്ന തർക്കം സംസാരിച്ച് തീര്‍ത്തുവെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. ഇക്കാര്യം ശരിവച്ചുകൊണ്ട് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്‍റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഓഗസ്റ്റിൽ സമർപ്പിച്ച ഈ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാന്‍ ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടത്. ഇപ്പോഴിതാ തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്നാണ് യുവതി പറയുന്നത്.