16 വർഷം മുമ്പ് ഉച്ചഭക്ഷണം കഴിഞ്ഞ് സ്കൂളിലേയ്ക്കു പോയതാണ് അഖിൽ. പിന്നെയൊരിക്കലും ആ പതിനാറുകാരനെ മാതാപിതാക്കൾ കണ്ടിട്ടില്ല. ഇപ്പോൾ അവനെ കാണാൻ എങ്ങനെയായിരിക്കുമെന്ന് മനസിൽ വരച്ചുവയ്ക്കുകയാണവർ. യുവാവായില്ലേ? മീശ വളർന്നുകാണും. അതറിയാൻ അവർ അവന്‍റെ ഫൊട്ടോയിൽ മീശ വരച്ചുചേർത്തു. മനസിലെ ആ ചിത്രവുമായി പോകാവുന്നിടത്തെല്ലാം പോയി. നിരാശ ബാക്കിയാക്കി വിലപിക്കുകയാണ് അക്കിക്കാവ് പരവക്കുന്ന് കുറുപ്പത്തേതിൽ സരോജയും മുരളീധരനും.
2008 സെപ്റ്റംബർ 22 രാവിലെ യാത്ര പറഞ്ഞ് സ്കൂളിലേയ്ക്ക് യാത്രയായ അഖിൽ ഉച്ചഭക്ഷണത്തിനു വീട്ടിൽ വന്നിരുന്നു. കീറിയ പാന്‍റ് തയ്ക്കാൻ ബന്ധുവീട്ടിലേക്ക് പോകാനായി 20 രൂപയുമായി പോയ മകൻ ഒരിക്കലും തിരിച്ചുവരില്ലെന്ന് അപ്പോൾ അമ്മ സരോജ കരുതിക്കാണില്ല. ആരോ അവരുടെ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത ആ മകനുവേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ആ മാതാപിതാക്കൾ.
കളിപ്പാട്ടങ്ങളും ഫോട്ടോകളും മാത്രം ബാക്കി
അക്കിക്കാവ് ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലസ് ടു വിദ്യാർഥിയായ മകന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ പഴക്കം ചെന്നും ചിതലരിച്ചും നശിച്ചു. അവസാന നാളുകളിൽ തങ്ങൾക്ക് അത്താണിയായ മകന്‍റെ ഓർമകളോട് അങ്ങനെ വിട പറയാൻ ആ മാതാപിതാക്കൾക്കാവുന്നില്ല. കുഞ്ഞു കുപ്പായങ്ങൾ ചേരുന്നവർക്ക് കൊടുത്തു. നോവായി ബാക്കിനിൽക്കുന്നത് കുറച്ച് ചിത്രങ്ങളും കളിപ്പാട്ടങ്ങളുമാണ്. ഓരോ പ്രാവശ്യവും ഇത് കാണുമ്പോൾ സരോജയുടെയും മുരളിയുടെയും മനസ് തേങ്ങും. പല രൂപത്തിൽ അവർ അഖിലിനെ മനസിൽ കാണും. ആ രൂപങ്ങൾ പരസ്പരം പങ്കുവച്ച് അല്പ നേരത്തേയ്ക്കെങ്കിലും ആശ്വസിക്കും.
തിരച്ചിൽ പലവിധം, കൈവിട്ട് പൊലീസ്
16 വർഷം മുരളി മകനായി ഒറ്റയ്ക്കും അല്ലാതെയും നാടെങ്ങും തിരഞ്ഞു. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയും ചിതലരിച്ചുകാണണം. അന്വേഷണോദ്യോഗസ്ഥർ മാറി വന്നപ്പോഴെല്ലാം പരാതിക്ക് പുതുജീവൻ നൽകാൻ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. തുമ്പൊന്നും ലഭിക്കാതെ വന്നപ്പോൾ പൊലീസും മടുത്തു. വീട്ടുകാരോട് പറയാതെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഇതൊന്നുമറിയാതെ സ്റ്റേഷനിൽ ചെന്നപ്പോഴാണ് കേസ് അവസാനിപ്പിച്ചെന്ന മറുപടി ലഭിച്ചത്. പക്ഷേ മുരളി സ്വയം അന്വേഷകനായി. മകനു വേണ്ടിയുള്ള അച്ഛന്റെ അലച്ചിൽ കുറച്ചൊന്നുമല്ലായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പത്രങ്ങളിൽ പരസ്യം നൽകി. പലയിടങ്ങളിലായി മകനെ കണ്ടെന്ന് പലരും പറഞ്ഞു. വിവരം അറിഞ്ഞിടത്തെല്ലാം അച്ഛൻ പാഞ്ഞെത്തി. പക്ഷേ നിരാശയായിരുന്നു ഫലം. മകനായി പുനരന്വേഷണം വേണമെന്ന ആവശ്യം ബധിരവിലാപമായി തുടരുന്നു. ഇനി...
അവസാനമായി ഒന്ന് കാണണം
ഇനി ഈ അച്ഛന് തിരഞ്ഞ് വരാനാവില്ല. കണ്ണിന് വയ്യാതായി. കാത്തിരിക്കാൻ ആരോഗ്യവുമില്ല. മകൻ അഖിലിനോട് മുരളിക്കുള്ള അഭ്യർത്ഥനയാണിത്. വയസ്സായി അമ്മയ്ക്ക് അവസാനമായി ഒന്ന് കാണണം. അമ്മ അഖിലിനെ മാടി വിളിക്കുന്നുണ്ട്. ഓരോ ഓണത്തിനും വിഷുവിനും മകന് വിളമ്പാനായി ചോറും ഉണ്ടാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് 16 വർഷമായി.
പഠനത്തില്‍ മിടുക്കന്‍, ശാന്തന്‍
വീടു വിട്ടു പോകാൻ ഒരു സാധ്യതയുമില്ലാത്ത കുട്ടിയായിരുന്നു അഖില്‍. അമ്മയുടെ കയ്യിൽ നിന്നു വാങ്ങിയ 20 രൂപ ഒഴികെ മറ്റൊന്നും വീട്ടിൽ നിന്ന് എടുത്തിട്ടില്ല. പിണങ്ങിപ്പോയതാണെങ്കിൽ കത്ത് വല്ലതും കാണണ്ടേ? അങ്ങനെയൊന്നും എഴുതിവച്ചിട്ടുമില്ല. ഒരു തുമ്പും കിട്ടാതെ മനസുകൊണ്ടും ശരീരം കൊണ്ടും ഇത്രയും കാലം അലഞ്ഞുതിരിഞ്ഞ ആ മാതാപിതാക്കൾ സമൂഹത്തിനു മുന്നിൽ ചോദ്യചിഹ്നമാണ്.