AI Generator Image

TOPICS COVERED

പ്രതികളെ പിടികൂടാന്‍ പൊലീസിന് ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും. അത്തരത്തിലൊന്നാണ് കൊച്ചിയില്‍ നിന്ന് പുറത്ത് വരുന്നത്. കൂനംതൈയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീട്ടിലേക്ക് പൊലീസ് എത്തിയത് ആക്രി പെറുക്കുന്നയാളായി. പ്രതി ഗിരീഷ് ബാബുവിന്റെ വീട്ടിലെ ചുറ്റുപാടുകൾ മനസ്സിലാക്കിയ ശേഷം അന്വേഷണ സംഘാംഗമായ അജേഷ് കുമാറാണ് ആക്രി പെറുക്കാനെന്ന മട്ടിൽ വീട്ടിലെത്തി വിവരം ശേഖരിച്ചത്.

പ്രതി സഞ്ചരിച്ച ബൈക്കിന്റെ ഒട്ടും വ്യക്തതയില്ലാത്ത നമ്പർപ്ലേറ്റിൽ നിന്നാണ് അന്വേഷണം ആരംഭിച്ചത്. അവ്യക്തമായ ആ നമ്പർ പ്ലേറ്റില്‍ നിന്ന് അന്വേഷണ സംഘത്തിലെ ഓരോരുത്തരും തങ്ങള്‍ക്ക് തോന്നുന്ന രീതിയിൽ നമ്പർപ്ലേറ്റുകൾ എഴുതി ഉണ്ടാക്കി. അങ്ങനെ തയ്യാറാക്കിയ നമ്പർപ്ലേറ്റുകൾ നൂറിലും കടന്നു. അവസാനം ഏറ്റവും സാധ്യതയുള്ള 10 നമ്പർപ്ലേറ്റിലേക്ക് അന്വേഷണം ചുരുക്കി. ഒടുവിലത് മൂന്നു നമ്പരുകളിലേക്കായി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് ഏതെന്ന് ഉറപ്പിക്കാനുള്ള ശ്രമമായി പിന്നെ. അതിനാണ് പൊലിസ് വേഷം കെട്ടിയെത്തിയത്. ‌

Also Read; വ്ലോഗര്‍ യുവതിയെ കുത്തിക്കൊന്നു; മലയാളിയുവാവ് മൃതദേഹത്തിനൊപ്പം 2 ദിവസം

ഗിരീഷ് ബാബുവിന്റെ വീടിനു ചുറ്റും പല സ്ഥലങ്ങളിലായി പൊലീസ് നിലയുറപ്പിച്ചു. പ്രതി ഉപയോഗിച്ച ബൈക്ക് അവിടെ ഉണ്ടോയെന്നറിയാനാണ് പൊലീസ് സംഘത്തിലെ അജേഷ് ആക്രിപെറുക്കുകാരനാക്കിയത്. ലുങ്കി ഉടുത്ത് പ്ലാസ്റ്റിക് ചാക്കും തോളിലിട്ട് അജേഷ് മുറ്റത്തെത്തി. പുറത്തുണ്ടായിരുന്ന  എല്ലാ വാഹനങ്ങളുടെയും നമ്പർ ഫോട്ടോ എടുത്തു. പരിശോധനയിൽ ബൈക്കിന്റെ ഉടമസ്ഥനല്ല, അയാളുടെ ചേട്ടനാണ് പ്രതിയെന്ന് മനസ്സിലായി. ഇൗ സമയം പുറത്തേക്കു പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയിൽ ഒരു സ്ത്രീകൂടി പങ്കാളിയാണെന്ന് അറിഞ്ഞത്. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൊല നടന്നത്. ഒരു വർഷത്തോളമായി  അപ്പാർട്ട്മെൻറിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ജയ്സി. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന, ജയ്സിക്ക് അടുത്തിടെ വീട് വിറ്റ് പണം ലഭിച്ച കാര്യം പ്രതികൾക്ക് അറിയാമായിരുന്നു. പണത്തിന് ബുദ്ധിമുട്ടിയിരുന്ന സുഹൃത്തുക്കളായ പ്രതികൾ ജയ്സി പുതിയ സ്വർണ്ണവളകൾ വാങ്ങിയ വിവരം അറിഞ്ഞിരുന്നു. കവര്‍ച്ചക്ക് രണ്ടു മാസം മുന്നേ തന്നെ പദ്ധതി തയ്യാറാക്കി. കൊലപാതകം നടത്തുന്നതിന് മുന്നോടിയായി ഗിരീഷ് ബാബു ജയ്സിയുടെ ഫ്ലാറ്റിന് സമീപം രണ്ടുവട്ടമെത്തി ട്രയൽ നടത്തി.

അപ്പാർട്ട്മെൻറിലെത്തിയ ഗിരീഷ് ജയ്സിയുമൊത്ത് മദ്യം കഴിച്ചു. മദ്യലഹരിയിലായ ജയ്സിയുടെ തലയ്ക്ക് ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് പലവട്ടം അടിച്ചു. നിലവിളിക്കാൻ ശ്രമിച്ച ജെയ്സിയുടെ മുഖം തലയിണയുപയോഗിച്ച് അമർത്തിപ്പിടിച്ചു. തുടർന്ന് മരണം ഉറപ്പാക്കിയ പ്രതി ആത്മഹത്യ എന്നു വരുത്താനായി ശരീരം ബാത്റൂമിലേക്ക് വലി​ച്ചിഴച്ചെത്തിച്ചു. 

സങ്കീര്‍ണമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയിത്. പിടിയിലായ പ്രതി ഗിരീഷ് ബാബുവിനെ ചോദ്യംചെയ്യലിനായി കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചൊവ്വാഴ്ച വൈകീട്ട്  ഇയാളുടെ കാക്കനാട്ടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന്  കൂനംതൈയിലെ ഫ്ലാറ്റിലെത്തിച്ചും തെളിവെടുക്കും.

ENGLISH SUMMARY:

To apprehend suspects, the police often have to adopt unconventional methods. A recent case in Kochi highlights one such approach. In the investigation of the murder of Jaisy, who lived in a flat in Kunamthai, the police devised a clever strategy to gather information about the suspect, Girish Babu. A member of the investigation team, Ajesh Kumar, disguised himself as a scrap collector to access the suspect's residence. This tactic allowed him to observe the surroundings and collect crucial details discreetly, which proved vital for the progress of the case.