കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് അസമിലെ ദിബ്രുഗഡില്‍ അവസാനിച്ച ട്രെയിന്‍ യാത്രയെക്കുറിച്ച് യൂട്യൂബ് വിഡിയോയുമായി വ്ളോഗര്‍ കാര്‍ത്തിക് സൂര്യ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനായ വിവേക് എക്‌സ്പ്രസിലെ പരിതാപകരമായ യാത്രയിലുണ്ടായ അനുഭവങ്ങളാണ് വിഡിയോയിലുള്ളത്.

ട്രെയിനിലെ കണ്ടാലറയ്ക്കുന്ന ബാത്ത്റൂം വരെ വൃത്തിയാക്കുന്ന കാര്‍ത്തിക് സൂര്യയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഈ ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളവര്‍, തീരെ മോശം റിവ്യൂവാണ് നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും നെഗറ്റീവ് കമന്‍റുള്ള റിവ്യൂകള്‍ വായിച്ച് അതിന് പരിഹാരം കണ്ടെത്തുന്ന തരത്തിലാണ് കാര്‍ത്തിക് സൂര്യയുടെ യാത്ര.

ഈ മോശം റേറ്റിങ്ങുകൾ ഫൈവ് സ്റ്റാറാക്കുക എന്ന ലക്ഷ്യവുമായാണ് യാത്ര ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും മോശം ട്രെയിനുകളില്‍ പ്രധാനി എന്ന ദുഷ്‌പേരാണ് വിവേക് എക്‌സ്പ്രസിനുള്ളത്. കട്ടാലറയ്ക്കുന്ന ടോയ്ലറ്റ്, കംപാർട്ട്‌മെന്റുകളില്‍ ലഭ്യമാകുന്ന മോശം ഭക്ഷണം, തിരക്ക് തുടങ്ങി യാത്രയുടെ സര്‍വ മേഖലകളെപ്പറ്റിയും കാര്‍ത്തിക് സൂര്യ പറയുന്നുണ്ട്. മാത്രമല്ല, അതിന് പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്.

ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിന്‍റെ അവസ്ഥ ജനറൽ കമ്പാർട്ട്‌മെന്റുകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ്. ജനറൽ കമ്പാർട്ട്‌മെന്റുകളില്‍ കയറേണ്ട ആളുകള്‍ എസി കമ്പാർട്ട്‌മെന്റുകളിൽ തിക്കി തിരക്കുന്ന ദൃശ്യങ്ങളും വിഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത് അപ്പോള്‍ തന്നെ റിപ്പോർട്ട് ചെയ്ത കാർത്തിക് ആ പ്രശ്നം പരിഹരിച്ചു.

ട്രെയിനിലെ ഭക്ഷണത്തിന്‍റെ ക്വാളിറ്റി തീരെ മോശമായതിനാല്‍, ഐആർസിടിസി ആപ്പ് വഴി ഭക്ഷണം വാങ്ങി യാത്രക്കാർക്ക് നൽകി. ഇതൊന്നുമല്ല ഹൈലൈറ്റ്.. വളരെ വൃത്തിഹീനമായ കക്കൂസുകള്‍ കാര്‍ത്തിക് തന്നെ വൃത്തിയാക്കി. ഒരാളുടെ പരിശ്രമം കൊണ്ട് ഇത്ര വലിയ മാറ്റം വരുത്താന്‍ പറ്റുന്നുണ്ടെങ്കില്‍, എല്ലാവരും തുനിഞ്ഞിറങ്ങിയാല്‍, എല്ലാ ട്രെയിനുകളും 5 സ്റ്റാർ റേറ്റിങ്ങിലെത്തിക്കാമെന്നാണ് കാര്‍ത്തികിന്‍റെ ഉപദേശം.

ഇത്രയും കഷ്ട്ടപ്പെട്ടു വീഡിയോ ചെയ്ത കാർത്തിക് ബ്രോ, നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണെന്ന തരത്തില്‍ വളരെ പോസിറ്റീവായ കമന്‍റുകളാണ് യൂട്യൂബില്‍ മുഴുവന്‍. 

ENGLISH SUMMARY:

Karthik Surya journey on the Vivek Express