വൈക്കത്തുനിന്ന് ബേപ്പൂരിലേക്കുള്ള ആ ഇതിഹാസയാത്ര നടന്നിട്ട് ഇന്നേക്ക് 60 വര്‍ഷം. ഇവിടെ നിന്നാണ് ബഷീര്‍ ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ, വാക്കില്‍ രക്തം ചിന്തിയ ഏടുകളുടെ കഥാകാരനായത്. ബേപ്പൂരിന്റെ മാത്രമല്ല, നമ്മുടെ മനസിലെ ഒരു കോണിലും ചാരുകസേരയിട്ടിരുന്ന് സുല്‍ത്താനായത്.
മൂവാറ്റുപുഴയാറിന്റെ തീരത്തു കണ്ടെത്തിയ തെങ്ങുംപറമ്പുമുൾപ്പെടെയൊരു വീടും വാങ്ങി ആ സ്ഥലത്തെ പ്രധാന ദിവ്യനാകാനായിരുന്നു ബഷീറിന്റെ ആഗ്രഹം. പക്ഷേ, ഒരു പ്രസാധകന്‍ തക്ക സമയത്ത് പണം നല്‍കിയില്ല. ഇതോടെ തലയോലപ്പറമ്പില്‍ പന്ത്രണ്ടു സെന്‍റ് സ്ഥലത്തു വീടുവയ്ക്കാൻ തീരുമാനിച്ചു. കൊച്ചിയിലെ ബുക് സ്റ്റാള്‍ വിറ്റും പുസ്തകത്തിന് ഗഡുക്കളായി കിട്ടിയ റോയല്‍റ്റിയും കൊണ്ട് ഒരു വര്‍ഷമെടുത്ത് 20000 രൂപയ്ക്ക് വീട് പണിതീര്‍ത്തു. ഈജിപ്തിലെ പുരാതന സർവകലാശാലയായ അൽ അസ്ഹയുടെ ഓര്‍മയില്‍ അസ്ഹർ കോട്ടേജ് എന്ന് പേരിട്ടു.
തലയോലപ്പറമ്പിൽ താമസം തുടങ്ങിയതിന് ശേഷമാണ് ഭാർഗവീനിലയം സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. എഴുത്തിനിടയിൽ പല ഘട്ടങ്ങളിലായി സത്യൻ, നസീർ, മധു, തകഴി, പി. കേശദേവ്, രാമു കാര്യാട്ട്, ജോസഫ് മുണ്ടശ്ശേരി , പൊൻകുന്നം വർക്കി, പി. ഭാസ്ക്കരൻ, എം.ടി. വാസു ദേവൻനായർ എന്നിവര്‍ ഈ വീട്ടില്‍ എത്തിയിട്ടുണ്ട്.
കോഴിക്കോട് തിരുവണ്ണൂരിലേക്ക് മാറിയത് ആറുവര്‍ഷത്തിനുശേഷം ഭാര്യ ഫാബിയുടെ പിതാവിന്റെ മരണത്തോടെയും. തലയോലപ്പറമ്പിലെ വീടും സ്ഥലവും 1964ല്‍ ഫെഡറല്‍ ബാങ്കിനു വിറ്റു. വീട് പിൽക്കാലത്തു പൊളിച്ച് ഫെഡറല്‍ ബാങ്ക് പുതിയ മന്ദിരം പണിതെങ്കിലും അടുക്കള ഭാഗത്തുള്ള കിണർ നിലനിർത്തി. ഭാർഗവീനിലയം പിറന്ന സ്ഥലത്തെ കെട്ടിടത്തിന് 'ഫെഡറൽ നിലയം' എന്നു പേരുമിട്ടു. ബേപ്പൂരിലെ വൈലാലില്‍ വീട്ടിലേതുപോലെ ഇവിടെയും ബഷീര്‍ ഓര്‍മകളുടെ പൊന്‍നിറമുള്ള വന്‍നിക്ഷേപം നാട്ടുകാരും വൈക്കം മുഹമ്മദ് ബഷീര്‍ സാസ്കാരികസമിതി കാത്തുസൂക്ഷിക്കുന്നു