ചെടികൾ നട്ട് വേൾഡ് റെക്കോർഡ് നേടാൻ ആകുമോ? തൃശൂർ ചാലക്കുടി സ്വദേശി നാരായണനും ഭാര്യ ഹേമലതയും ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത് ചെടികൾ നട്ടുവളർത്തിയാണ്. അതെങ്ങനെ എന്ന് ചിന്തിക്കുന്നുണ്ടാവുമല്ലേ.
ഇത്ര തലയെടുപ്പുള്ള നന്ത്യാർവട്ടവും കുറുന്തോട്ടിയുമൊന്നും മുന്നേ കണ്ടിട്ടുണ്ടാവാൻ വഴിയില്ല. ഈ പൊക്കം ഇവർക്ക് നൽകിയത് നാരായണനും ഹേമലതയുമാണ്. കുറ്റിച്ചെടികളായി മാത്രം കണ്ടുവരുന്ന ഇവയ്ക്കു പൊക്കം നൽകുന്നതിന് പിന്നിൽ ഒരു കഥയുണ്ട്.
28 അടി ഉയരത്തിൽ നന്ത്യാർവട്ടം 25 അടി ഉയരത്തിൽ മരച്ചീനി 12 അടി ഉയരത്തിൽ കുറുന്തോട്ടി കൂട്ടിന് രാമതുളസിയും അങ്ങനെ നീളുന്നു ഉയരം കൊണ്ട് ലിം കാ ബുക്ക് ഓഫ് റെക്കോർഡ് ഇടംപിടിച്ച ചെടികളുടെ നിര. ഇതിനെല്ലാം പുറമേ പല രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന ചെടികൾ. ഇലയിൽ മുള്ളില്ലാത്ത മലേഷ്യൻ കൈത. ജർമ്മൻകാരനായ റെഡ് ഡാക്ക ബനാന. എലിഫൻറ് പെപ്പർ. റഷ്യൻ സൂര്യകാന്തി തുടങ്ങിയവ ചിലതുമാത്രം. ഇങ്ങനെ 8 സെന്റ് ഭൂമിയിൽ വൈവിദ്യങ്ങളുടെ കലവറ തന്നെയുണ്ട്.