ഇന്ത്യയിലെ ആദ്യത്തെ 'റോബോ പാര്‍ക്ക്' തൃശൂരില്‍ വരുന്നു. ഇതിനായി ഇന്‍കര്‍ റോബോട്ടിക്സ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി കരാറില്‍ ഒപ്പുവച്ചു. തിരുവനന്തപുരം കോവളത്ത് നടക്കുന്ന 'ഹഡില്‍ ഗ്ലോബലിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ഭൂമിയിലാണ് ഭാവിയുടെ സാങ്കേതിക വിദ്യകള്‍ പുതുതലമുറക്ക് അനുഭവിക്കാനും അറിയാനുമാകുന്ന ഡിജിറ്റല്‍ തീം പാര്‍ക്ക് ഒരുങ്ങുന്നത്.
അറിവിന്‍റെയും വിനോദത്തിന്‍റെയും ലോകത്തെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ അറിയാന്‍, അനുഭവിക്കാന്‍, പ്രചോദനമാകാന്‍. ഇതാ വരുന്നു റോബോ പാര്‍ക്ക്. ടെക് ടൂറിസത്തിലേക്കുള്ള കേരളത്തിന്‍റെ ആദ്യത്തെ വലിയ കാല്‍വയ്പ്പായിരിക്കും തൃശൂരില്‍ ഒരുങ്ങുന്ന ഈ ഡിജിറ്റല്‍ തീം പാര്‍ക്ക്. കോവളത്ത് നടക്കുന്ന ഹഡിള്‍ ഗ്ലോബല്‍ മീറ്റില്‍ സ്റ്റാര്‍ട്ടപ്പ് മിഷനും ഇന്‍കര്‍ റോബോട്ടിക്സും ഇതിനായുള്ള കരാറില്‍ ഒപ്പുവച്ചു. 350 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതിക്ക് ഭൂമി നല്‍കുന്നത് തൃശൂര്‍ ജില്ലാ പഞ്ചായത്താണ്. ഇന്‍ഫോടെയ്ന്‍മെന്‍റ് എന്നതിനപ്പുറം സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള പ്ലാറ്റ്ഫോമായും റോബോ പാര്‍ക്ക് പ്രവര്‍ത്തിക്കും.