ഇടുക്കി ജില്ലയിലെ ഉടുമ്പൻഞ്ചോല – ചിത്തിരപുരം റോഡ് ആധുനിക നിലവാരത്തിൽ ഒരുങ്ങിയ വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആറ് മനോഹരമായ ഹെയർ പിൻ വളവുകളും അതിമനോഹരമായ ഭൂപ്രകൃതിയും ആസ്വദിച്ച് യാത്ര ചെയ്യാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉടുമ്പൻഞ്ചോല, സേനാപതി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, പള്ളിവാസൽ എന്നീ അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 46.8 കിലോമീറ്റർ നീളമുള്ള റോഡിൽ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറിയ പാലങ്ങളും ഉണ്ട്. എൽഡിഎഫ് സർക്കാർ കിഎഫ്ബി ഫണ്ടിലൂടെ 176.25 കോടി രൂപ ചെലവഴിച്ചാണ് ഉടുമ്പൻഞ്ചോല – ചിത്തിരപുരം റോഡ് വികസനം നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ സുപ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ് ഉടുമ്പഞ്ചോല – ചിത്തിരപുരം റോഡ് പദ്ധതി. ഇതിലൂടെ, വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിന്റെ സഞ്ചാര സാധ്യതകൾ തുറന്നുകാട്ടാനും പ്രദേശത്തിന്റെ കണക്റ്റിവിറ്റിയിൽ മാറ്റം കൊണ്ടുവരാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഉടുമ്പൻഞ്ചോലയിൽ നിന്നും ആരംഭിച്ച് ചിത്തിരപുരത്ത് അവസാനിക്കുന്ന ഈ റോഡ് ചെമ്മണ്ണാർ, മാങ്ങാതൊട്ടി, നടുമറ്റം, എൻഐർ സിറ്റി, പുന്ന സിറ്റി, മുല്ലക്കാനം, കൊച്ചുപ്പ്, ബൈസൺവാലി, കുഞ്ഞിത്തണ്ണി, പവർഹൗസ് എന്നി മേഖലകളിലൂടെയാണ് കടന്നു പോകുന്നത്.
ഓടകൾ, കലുങ്ക്, പേവ്ട് ഷോൾഡറുകൾ, സംരക്ഷണ ഭിത്തികൾ, ഗതാഗത സുരക്ഷാ മാർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടെയാണ് റോഡ് നവീകരിച്ചിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ (KRFB) മേൽനോട്ടത്തിൽ 2020ലാണ് ഈ റോഡിന്റെ നിർമ്മാണം ആരംഭിച്ചത്.