സാംസണ്‍ ആന്‍റ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട ഫ്ളാറ്റ് തട്ടിപ്പ് കേസുകളില്‍ തനിക്ക് യാതൊരുബന്ധവുമില്ലെന്ന് നടി ധന്യമേരി വര്‍ഗീസ്. തന്‍റെ പേര് അനാവശ്യമായി ഈ വിഷയത്തിൽ ചേർത്തിരിക്കുകയാണെന്നും കമ്പനിയുടെ ഡയറക്ടറോ, ഓഹരിയുടമയോ അല്ലാത്ത തനിക്ക് , ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും രേഖകളിൽ ഒപ്പിടാൻ അധികാരമില്ലന്നും ധന്യ വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ സ്വത്തുക്കളുമായി തനിക്ക് ബന്ധമില്ലെന്നും താരം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ഫ്ലാറ്റ് തട്ടിപ്പുകേസില്‍ നടി ധന്യമേരി വര്‍ഗീസിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോൺ ജേക്കബ്, ജോണിന്‍റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്ന് വന്നിരുന്നു. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016 ല്‍ അറസ്റ്റിലായിരുന്നു.
2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്‌മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നൽകിയിരുന്നത്.
ധന്യയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
സാംസണ്‍ ആന്‍റ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സംബന്ധിച്ചുള്ള ഇഡിയുടെ കൊച്ചിയുടെ 29-11-2024 പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, എന്റെ പേര് അനാവശ്യമായി ഈ വിഷയത്തിൽ ചേർത്തിരിക്കുകയാണെന്നു വ്യക്തമാക്കേണ്ട സമയമാണിത്.ആ പ്രസ്താവനയിൽ വ്യക്തതയുടെ അഭാവം കാരണം, എന്റെ പേര് തെറ്റായി കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നു പ്രചരിക്കുകയുണ്ടായി. ഞാൻ സാംസണ്‍ ആന്‍റ് സണ്‍സ് ബില്‍ഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർ, ഓഹരിയുടമ, അല്ലെങ്കിൽ ഏതെങ്കിലും രേഖകളിൽ ഒപ്പിടാൻ അർഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാർഥ്യം.
പ്രസ്തുത പ്രസ്താവനയിൽ 180 ദിവസത്തേക്ക് കമ്പനിയുമായി ബന്ധപ്പെട്ട മൂന്നു സ്വത്തുക്കൾ താത്കാലികമായി സീൽ ചെയ്തിരിക്കുന്നുവെന്ന് പ്രസ്താവിക്കപ്പെടുന്നു. ഇതിനെ കുറിച്ചുള്ള യഥാർത്ഥ സ്ഥിതി ചുവടെ വ്യക്തമാക്കുന്നു:
1. സാംസണ്‍ ആന്‍റ് സണ്‍സ് ബില്‍ഡേഴ്സ് എന്ന കമ്പനി ഉടമസ്ഥതയിലുള്ള കരകുളത്തുള്ള വസ്തു.
2. സാംസണ്‍ ആന്‍റ് സണ്‍സ് കമ്പനിയുടെ ഭൂമിയുടെ അവകാശം ഉന്നയിച്ചിട്ടുള്ള മോഹന്‍ കുമാര്‍ എന്ന വ്യക്തിയുടെ പേരിൽ ഉള്ള വസ്തു.
3. എന്റെ ഭർത്താവിന്റെ സഹോദരൻ സാമുവല്‍ ജേക്കബ്ബിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റ്.
ഈ മൂന്നു സ്വത്തുക്കളും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. എനിക്കതിൽ യാതൊരു അവകാശവുമില്ലാത്തതാകുന്നു. സീൽ ചെയ്ത സ്വത്തുക്കളുടെ വിശദമായ പട്ടിക കമ്പനിയ്ക്ക് നൽകിയ നോട്ടീസിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, പൊതുപ്രസ്താവനയിൽ അല്ല. ആയതിനാൽ, ചില മാധ്യമങ്ങൾ ഇതിനെ തെറ്റായി മനസിലാക്കി എന്‍റെ സ്വത്തുക്കൾ സീൽ ചെയ്തുവെന്ന വാർത്ത പ്രസിദ്ധീകരിച്ചു. ഇത് മുൻനിരയിലുള്ള വാർത്താ ഏജൻസികൾ എന്തുകൊണ്ട് സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്ന് ഞാന്‍ ചിന്തിക്കുന്നു. ഈ തെറ്റായ പ്രചരണം എന്റെ പേരിൽ അനാവശ്യമായി കുറ്റം ചുമത്താനും എനിക്ക് എന്‍റെ സത്യസന്ധത തെളിയിക്കാൻ തടസ്സം സൃഷ്ടിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസിലാക്കുന്നു. ഇതിന് മറുപടി നൽകുന്നതിനായി, ഞാൻ നിയമ നടപടികൾ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയോടെ വിശദമായ പുനഃപ്രസിദ്ധീകരണം നൽകാൻ ED-യോട് അപേക്ഷിക്കുന്നതുമാണ്. ഈ അവസ്ഥയിൽ എന്‍റെ പക്കൽ വന്നുനിന്ന് സത്യാവസ്ഥ അറിയാൻ ശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.