anaya-dance

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ നൃത്തമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആരുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ജി.കെ.എം യു.പി.എസ്, എരൂരില്‍ നിന്നുള്ള വിദ്യാര്‍ഥിനിയുടെ വിഡിയോ മന്ത്രി പങ്കിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം സങ്കോചമില്ലാതെ അനായാസം നൃത്തം ചെയ്യുന്ന അനയയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഫ്രീ പിരിയഡില്‍ കുട്ടികളെ ക്ലാസില്‍ നിന്നും പുറത്തിറക്കി പാട്ട് വെച്ചുനല്‍കിയിരുന്നു. ഈ സമയത്തായിരുന്നു അനയയുടെ തകര്‍പ്പന്‍ പ്രകടനം. ഇത് ശ്രദ്ധയില്‍പ്പെട്ട ഹെഡ്മിസ്ട്രസ് എ.കെ.ശ്രീലതയാണ് വിഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രിയും അനയക്ക് കയ്യടിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ചു. 

തെമ്മാ തെമ്മാടിക്കാറ്റേ എന്ന ഗാനത്തിനാണ് അനയ ചുവടുവെക്കുന്നത്. ചുറ്റും അനയക്കൊപ്പം ചുവടുവെക്കുന്ന മറ്റു വിദ്യാര്‍ഥികളെയും കാണാം. ഡാന്‍സ് കളിക്കാതെ മാറി നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്തെത്തി അവരെ ഡാന്‍സ് കളിക്കാന്‍ വിളിക്കുന്നതും വിഡിയോയില്‍ കാണാം. കുട്ടികളുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കും വിധത്തില്‍ മന്ത്രി ചില പോസ്റ്റുകള്‍ പങ്കുവെക്കാറുണ്ട്.  കണ്ണൂര്‍ സ്വദേശിയായ പി.റിനിലിന്‍റെയും രജിയുടെയും മകളാണ് അനയ.

വലിയ ഫീസ് കൊടുത്ത് സ്വകാര്യ സ്കൂളുകളിൽ കെട്ടിയിട്ട് പഠിപ്പിക്കുന്നതിനേക്കാളും എത്രയോ നല്ലത് ആടിയും പാടിയും കളിച്ചും ചിരിച്ചും സന്തോഷത്തോടെ സർക്കാർ സ്കൂളുകളിൽ പഠിച്ച് വളരുന്നതാണ് എന്നാണ് കമന്‍റ് ബോക്സില്‍ പലരും പറയുന്നത്. കുഞ്ഞുങ്ങൾക്ക് സന്തോഷത്തോടെ ആത്മ വിശ്വാസത്തോടെ പഠിച്ചും കളിച്ചും വളരാനുള്ള ഇടമായിരിക്കണം വിദ്യാലയമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ENGLISH SUMMARY:

The dance performance by Anaya, shared by Education Minister V. Shivankutty, is going viral