ഒന്നിച്ച് സിനിമയ്ക്ക് പോയവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, ചിരിച്ചുല്ലസിച്ചുള്ള ആ യാത്ര നാടിനെ നടുക്കിയ ദുരന്തമായി മാറുമെന്ന്. ഇന്നലത്തെ കനത്ത മഴയിൽ ദേശീയപാത ചോരപ്പുഴയായി. രാത്രി ഒൻപതരയോടെ കളർകോട് ചങ്ങനാശേരി ജംക്‌ഷന് നൂറുമീറ്റർ വടക്കായിരുന്നു അപകടം. ഗുരുവായൂർ– കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു.
കാര്‍ അതിവേഗത്തിലായിരുന്നുവെന്ന് ബസിന്‍റെ കണ്ടക്ടർ മനീഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലായി. കാർ പൂർണമായി തകർന്നു. മറ്റ് വാഹനങ്ങളിൽ പോയവരും നാട്ടുകാരും പാഞ്ഞെത്തി കാർ വെട്ടിപ്പൊളിച്ചാണു ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂന്നു പേർ അപ്പോൾത്തന്നെ മരിച്ചു.
മോശം കാലാവസ്ഥയില്‍ കാഴ്ചമങ്ങിയതാവും അപകടകാരണമെന്ന് എം.വി.ഡി. അമിത വേഗമെടുക്കാന്‍ പറ്റിയ സ്ഥലമല്ലെന്നും മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന 10 പേരും ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്. ഗൗരിശങ്കർ, ആൽബിൻ, കൃഷ്ണദേവ്, മുഹ്സിൻ, ഷെയ്ൻ എന്നിവർക്കാണു പരുക്കേറ്റത്.