വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. മരിച്ച ഓട്ടോ ഡ്രൈവർ നവാസിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന പുത്തൂർവയൽ സ്വദേശി സുമിൽഷാദും സഹോദരൻ അജിനും ചേർന്ന് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളും കേസിലെ പ്രതികളുമായ സുമില്‍ ഷാദിന്റേയും അജിന്‍ ഷാദിന്റേയും 'മജ്‌ലിസ്' എന്ന് പേരുള്ള റസ്റ്ററന്റിന് മുന്നില്‍ നവാസ് കൂടോത്രം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യം ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നു. ഈ വൈരാഗ്യം മനസില്‍വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഗൂഢാലോചന നടത്തി ആസൂത്രിതമായി നവാസിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.
നവംബര്‍ 30നാണ് റസ്റ്ററന്റിന് മുന്നില്‍ നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ലഭിച്ചത്. വാഴയിലയില്‍വെച്ച കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞള്‍പ്പൊടി, വെറ്റില എന്നിവയാണ് കിട്ടിയത്. റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറും റസ്റ്ററന്റിന് മുന്നിലെ പലചരക്ക് കച്ചവടക്കാരനുമായ നവാസാണ് അത് കൊണ്ടുവച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് സുമില്‍ ഷാദും അനിയന്‍ അജിന്‍ ഷാദും കൊലപാതകം നടത്താന്‍ പദ്ധതിയിടുകയായിരുന്നു. ഓട്ടോ ഇടിച്ചുതെറിപ്പിച്ച ശേഷം സുമില്‍ ഷാദ് മുന്‍ഭാഗം തകര്‍ന്ന ജീപ്പിന് മുന്നില്‍നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. താന്‍ ഇത് ചെയ്തുവെന്ന് ബോധിപ്പിക്കുന്ന തരത്തിലാണ് സുമില്‍ ഫോട്ടോ എടുത്തതെന്നും നാട്ടുകാര്‍ പറയുന്നു.