TOPICS COVERED

വയനാട് ചേകാടിയിൽ വയൽ നികത്തി നിർമിച്ച കുതിരഫാമിനു നേരെ ഒരു നടപടിയുമെടുക്കാതെ ഭരണകൂടം. കടുത്ത നിയമ ലംഘനം മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നിട്ടും ഫാമിന്റെ പ്രവർത്തനം തകൃതിയായി തന്നെ നടക്കുന്നുണ്ട്. ഒരു മുന്നറിയിപ്പും ഇല്ലാതെ ആദിവാസി കൂര പൊളിച്ച അതേ വയനാട്ടിലാണ് സ്റ്റോപ്പ് മെമോ നൽകിയ അനധികൃത നിർമാണത്തിനു മുന്നിൽ ഭരണകൂടത്തിന്റെ മൗനാനുവാദം.

തിരുനെല്ലിയിൽ ഒന്നരസെന്റ് സ്ഥലത്ത് മൂന്നു ആദിവാസി കുടുംബങ്ങളുടെ കൂര പൊളിച്ചു മാറ്റിയതാണിത്. കഴിഞ്ഞമാസം 26 ലെ ഏറെ വിവാദമായ സംഭവം. നിയമം നടപ്പിലാക്കാനെന്ന പേരിൽ അന്ന് വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ നടപടിപുൽപ്പള്ളിക്കടുത്ത് ചേകാടിയിൽ നെൽവയൽ നികത്തി നിർമിച്ച കുതിരഫാമാണ് ഈ കാണുന്നത്. നിയമം കാറ്റിൽ പറത്തിയുള്ള നിർമാണം. മൂന്നു മാസം മുമ്പ് മനോരമ ന്യൂസാണ് ഈ അനധികൃത നിർമാണത്തെ പറ്റി പുറം ലോകത്തെ അറിയിച്ചത്. അതുവരേ ഉറക്കം നടിച്ച ഉദ്യോഗസ്ഥർ വാർത്തക്കു പിന്നാലെ സ്റ്റോപ്പ് മെമോ നൽകിയെങ്കിലും കുതിരഫാമിന് ഇന്നും ഒരു മാറ്റവുമില്ല. ഫാമും അതിന്റെ പ്രവർത്തിയും അങ്ങനെ തന്നെ.  എല്ലാം ജില്ലാ കലക്ടറക്കമുള്ള ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടേയും അറിവോടെയെന്നാണ് പരാതി. ഒരു അനുമതിയുമില്ലാതെ കൃതിരസവാരി വരെ തുടങ്ങി. ഫാം കാരണം പ്രദേശത്തെ ആദിവാസി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. പശുവിനെ മേയ്ക്കാൻ പോലും പറ്റാത്ത സ്ഥിതി.

ഇന്ത്യയിലെ അപൂർവ ഇനം നെൽകൃഷിയുള്ള നാട്ടിൽ ഇനി വിത്തറക്കാനില്ല എന്ന തീരുമാനത്തിലാണ് കർഷകർ. നെൽപാടത്തേക്കുള്ള വെള്ളം ഫാം മൂലം തടസപ്പെട്ടു. ഫാമിനോട് ചേർന്ന മറ്റു നെൽപാടങ്ങളും നശിച്ചു തുടങ്ങി.  കലക്ടറടക്കമുള്ള ഉദ്യോഗസ്ഥരെ വിശ്വസിച്ചാണ് ഇത്രയും കാലം തുടർന്നതെന്നും നാടിനെയാകെ നശിപ്പിക്കുന്ന കുതിരഫാമിനെതിരെ കടുത്ത പ്രതിഷേധം തുടങ്ങുമെന്നുമാണ് പഞ്ചായത്തംഗം രാജു. തിരുനെല്ലിയിൽ ആദിവാസികളെ കുടിയിറക്കാൻ കാണിച്ച ധൃതി ചേകാടിയിൽ കാണിക്കാത്തത് ഇരട്ടനീതിയാണെന്നാണ് ആക്ഷേപം.

ENGLISH SUMMARY:

The administration did not take any action against the horse farm built by filling fields in Chekadi, Wayanad.