മൂന്ന് വര്‍ഷം മുന്‍പ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ഒരു കെഎസ്ആര്‍ടിസി ബസ് പാഞ്ഞ് വരുന്നത് കണ്ട ദൃശ്യങ്ങള്‍ നെഞ്ചിടിപ്പോടെയാണ് മലയാളി കണ്ടത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഈ സംഭവത്തിന് പിന്നാലെ യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാരോച്ച് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ സ്വയം വെള്ളത്തിലാശാന്‍ എന്ന പേരും ഇയാള്‍ സ്വീകരിച്ചു.
ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ വെള്ളത്തിലാശാനെ പറ്റിയുള്ള കുറിപ്പാണ്. അഭിനയവും തബല വായനയും ആണ് ഇപ്പോള്‍ ആശാന്‍റെ ഹോബിയും ജോലിയും. സിനിമയില്‍ മുഖംകാണിക്കാന്‍ ശ്രമം നടത്തുകയാണെന്നും കുറിപ്പില്‍ പറയുന്നു. അന്വശ്വര നടൻ ജയന്‍റെ വലിയ ആരാധകനാണ് ഇദ്ദേഹമെന്നും ജയന്‍റെ വേഷത്തിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്.
ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെഎസ്ആര്‍ടിസി ബസ് അകപ്പെട്ടത്. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയില്‍ ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തു. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല.
നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്.